കോവിഡ് 19 ന്‍റെ പ്രതിരോധത്തിൽ ആത്മീയ ഉണർവുമായി പ്രാർഥനാ കൂട്ടായ്‌മക്ക് മികച്ച ജന പങ്കാളിത്തം

10:31 PM Apr 08, 2020 | Deepika.com
ഷിക്കാഗോ: കോവിഡ് പ്രതിരോധ നടപടികളെ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷിക്കാഗോയിൽ രൂപീകൃതമായ "കൈകോർത്ത് ഷിക്കാഗോ മലയാളികൾ' എന്ന സന്നദ്ധ കൂട്ടായ്‌മയുടെ കൗൺസലിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കോൺഫറൻസ് കോളിലൂടെയുള്ള പ്രാർഥനാ കൂട്ടായ്‍മക്ക് മികച്ച പ്രതികരണം.

ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രാർഥനാ കൂട്ടായ്മായിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നാനൂറിൽ പരം ആളുകളാണ് പങ്കുചേർന്നത്. ഷിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാനും കൈകോർത്ത് ഷിക്കാഗോ മലയാളിയുടെ അഡ്വൈസറി ബോർഡ് മെമ്പറുമായ മാർ ജോയി ആലപ്പാട്ടിന്‍റെയും വചന പ്രഘോഷകനും ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി സ്ഥാപകനായ ബ്രദർ റെജി കൊട്ടാരവുമാണ് പ്രാർഥനാ കൂട്ടായ്മക്ക് നേതൃത്വം നൽകിയത്.

പ്രതിസന്ധികളിൽ ഉഴലുന്ന ഈ സമയത്ത് വിശ്വാസ തീഷ്ണത കാവലായി കരുതേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി മാർ ജോയി ആലപ്പാട്ട് ആമുഖ പ്രാർത്ഥനക്ക് മുന്നോടിയായി ഉദ്‌ബോധിപ്പിച്ചു. പ്രതിസന്ധികളിൽ തളരാതെ ഓരോരുത്തരേയും തങ്ങളുടേതായ സിവിക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനോടൊപ്പം, ആത്മീയമായി ദൈവത്തിനോട് കൂടുതൽ അടുക്കുവാനുള്ള അവസരമായി ഈ പ്രതിസന്ധിഘട്ടത്തെ മാറ്റിയെടുക്കുവാനുള്ള അവസരമായി കൂടി കാണണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഷമാവസ്ഥയിലൂടെ പോകുന്ന ഏതൊരു വ്യക്തികൾക്കും കുടുംബത്തിനും താങ്ങും തണലുമായി ഈ കൂട്ടായ്മയോടൊപ്പം ഷിക്കാഗോ സീറോ മലബാർ രൂപതയും ഉണ്ടായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.

വിശ്വാസത്തോടെ പ്രാർഥിച്ചാൽ, മരുന്നിനും ലേപനത്തിനും കഴിയാത്തിടത്ത്, ദൈവസ്നേഹത്തിന്‍റെ പൊൻകതിരുകൾ ആശ്വാസമായി എത്തും എന്ന് പ്രാർത്ഥനക്ക് നേതൃത്വം നൽകിയ ബ്രദർ റെജി കൊട്ടാരം ഉദ്‌ബോധിപ്പിച്ചു. തളർച്ചയല്ല മറിച്ച് വിശ്വാസത്താലുള്ള ഉയിർത്തെഴുന്നേൽപ്പാണ് ആത്മീയതയിലൂന്നിയ ചെറുത്ത് നിൽപ്പ് വഴിയായി ദൈവം വാഗ്ദാനം ചെയ്യുന്നത് എന്നും പ്രതിസന്ധികളിൽ തളരുന്നതായി തോന്നുമ്പോൾ നമുക്ക് വേണ്ടി കുരിശുചുമന്നു തളർന്നവനെ ഓർത്ത് പ്രാർത്ഥിക്കുവാൻ കഴിയണം എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഷിക്കാഗോയ്ക്ക് പുറമെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യുകെ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമൊക്കെയായി നാനൂറോളം പേർ കോൺഫ്രൻസ് കോൾ വഴിയായി നടത്തപ്പെട്ട പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കാളികളായി. പ്രാർത്ഥനാ ശുശ്രൂഷക്ക് മുന്നോടിയായി കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന കൂട്ടായ്‍മയെ പ്രതിനിധീകരിച്ച് ബെന്നി വാച്ചാച്ചിറ ആമുഖ പ്രസംഗവും ബിജി സി. മാണി സ്വാഗത പ്രസംഗവും നടത്തി. ജിതേഷ് ചുങ്കത്ത് നന്ദി പറഞ്ഞു. മേഴ്‌സി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള കൗൺസലിംഗ് കമ്മിറ്റിയാണ് പ്രാർത്ഥനാ കൂട്ടായ്‌മയുടെ ഏകോപനം നടത്തിയത്.

ഏതെങ്കിലും വിധത്തിൽ സഹായം ആവശ്യമുള്ളവർക്കായി കൈകോർത്ത് ഷിക്കാഗോമലയാളിയുടെ ഹെൽപ്പ് ലൈനിലേക്കോ കമ്മിറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യർഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക് ഹെൽപ്പ് ലൈനുമായി 1 833 353 7252 എന്ന നമ്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ