മിഷിഗണിലെ ആരോഗ്യ പ്രവർത്തകർക്ക് ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ സ്നേഹ സമ്മാനം

10:34 PM Apr 07, 2020 | Deepika.com
ഡിട്രോയിറ്റ്: ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരിയെ നിയന്ത്രിക്കുവാൻ സ്വന്തം ജീവൻപോലും ബലികൊടുത്ത് മുൻ നിരയിൽ നിന്നു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഡിട്രോയിറ്റ് കേരള ക്ലബ് "മീൽസ് ഫോർ ഹെൽത്ത് കെയർ ഹീറോസ്' എന്ന പരിപാടി നടപ്പാക്കി.

മിഷിഗണിൽ കോവിഡ് പടർന്നു പിടിക്കുന്പോൾ പരിമിതമായ പരിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് ആശുപത്രികളിൽ സമർപ്പണത്തോടെ രാവും പകലും പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ മറ്റു ആരോഗ്യ പ്രവർത്തകർക്ക് കേരള ക്ലബിന്‍റെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചുനൽകി. എംഐ ഇന്ത്യയുടെ നേതൃത്വത്തിൽ കേരള ക്ലബ് നടപ്പാക്കിയ ഈ ഭക്ഷണ വിതരണ പരിപാടി വളരെ പ്രശംസ ഏറ്റുവാങ്ങി.

മിഷിഗണിലെ ബ്യൂമോണ്ട് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് ഏറ്റവും മികച്ച ഹോട്ടലിൽ നിന്നും ഭക്ഷണം എത്തിച്ചു കൊടുത്താണ് കേരള ക്ലബ് ഈ പദ്ധതി നടപ്പാക്കിയത്. വരും ദിവസങ്ങളിൽ മിഷിഗണിലെ മറ്റു ആശുപത്രികളിലും ഭക്ഷണം എത്തിച്ചു നൽകാൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കേരള ക്ലബ് നൽകുന്ന സേവനങ്ങളുടെ വിവരങ്ങൾ www.keralaclub.org/kc-cares-covid19 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: അലൻ ജോൺ