റബ്ബിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തവരെ പോലീസ് പിരിച്ചുവിട്ടു

06:49 PM Apr 07, 2020 | Deepika.com
ന്യൂയോർക്ക്: ബൊറോ പാർക്കിലെ പ്രമുഖ റബ്ബി കാലിഷിന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ജനാവലിയെ ന്യൂയോർക്ക് പോലീസ് പിരിച്ചുവിട്ടു. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചില്ല എന്നതാണ് റബ്ബിക്ക് യാത്രാ മൊഴി ചൊല്ലുവാൻ എത്തി ചേർന്നവരെ പിരിച്ചുവിടാൻ കാരണം.

കോവിഡ് 19 ബാധിച്ചു കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന റബ്ബി റേവ് യൂസഫ് കാലിഷ് ഏപ്രിൽ 5 നാണ് അന്തരിച്ചത്.ബ്രൂക്കിലിനിലാണ് സംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. നിയമം ലംഘിച്ചു 55th ആൻ‍ഡ് 12th അവന്യൂവിലാണ് ജനാവലി തടിച്ചു കൂടിയിരുന്നത്. പോലീസ് വാഹനം കണ്ടയുടനെ തന്നെ യാതൊരു പ്രതിഷേധവും ഇല്ലാതെ തന്നെ ജനങ്ങൾ‍ പിരിഞ്ഞു പോയി എന്നാണ് പോലീസ് അറിയിച്ചത്.


നിയമം ലംഘിച്ചു ഒന്നിച്ചു ചേർന്നവർക്കെതിരെ കേസെടുക്കണമോ, പിഴ ഈടാക്കണമോ എന്നതു ഉടനെ തീരുമാനിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റ് വക്താവ് അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ ഒരു നോക്കു കാണുവാൻ അവസരം ലഭിക്കുകയില്ലെന്നു മാത്രമല്ല, സീൽ ചെയ്ത ബോക്സുകളിലാണ് മൃതദേഹം കുടുംബാംഗങ്ങൾക്ക് പോലും കൈമാറുന്നത്. പല ഫ്യൂണറൽ ഹോമുകൾ പോലും ഇത്തരം മൃതദേഹങ്ങൾ സ്വീകരിക്കുവാൻ പോലും തയാറാകുന്നില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ