ഫ്ളോറിഡ: കൊറോണ എന്ന പകർച്ച വ്യാധിയുടെ പിടിയിലായിരിക്കുന്ന നമ്മുടെ സമൂഹത്തിന് കഴിയുന്നത്ര സഹായങ്ങൾ കൂട്ടായ്മയിലൂടെ നൽകുവാനുള്ള ശ്രമങ്ങൾ ഫോമാ സണ്‍ഷൈൻ റീജണ്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തുടരുകയാണ്.
ബോധവൽക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കാനുമുള്ള ശ്രമങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. മലയാളി സമൂഹത്തിന് മാനസിക, വൈകാരിക സൗഖ്യം ഈ പ്രതിസന്ധി ഘട്ടത്തിൽ നൽകുക എന്നുള്ളത് പ്രധാന കാര്യമാണ്. രോഗബാധിതരും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വൈകാരിക സമ്മർദ്ദത്തിലാകുന്നതു വളരെ സ്വാഭാവികമാണ്. അവരെ സമാശ്വസിപ്പിക്കാനും സാന്ത്വനം പകരാനുമായി പുരോഹിതരുടേയും സാമൂഹിക പ്രവർത്തകരുടേതുമായ ഒരു സപ്പോർട്ട് ലൈൻ ഫോമാ സണ്‍ഷൈൻ റീജണിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു. അത്യാവശ്യ സമയങ്ങളിൽ ഇവരെ വിളിക്കാവുന്നതാണ്.
കേരളത്തിലെ പോട്ട ധ്യാനകേന്ദ്രത്തിലെ ഡയറക്ടറായിരുന്ന ഫാ. മാത്യു ഇലവുങ്കൽ. അദ്ദേഹം ലോകമെന്പാടുമുള്ള മലയാളികൾക്കായി ധ്യാനങ്ങൾ പതിവായി നടത്താറുള്ളതാണ്. റ്റാന്പാ അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ കാർമ്മികൻ ആർ. കെ. നന്പൂതിരി, റ്റാന്പായിലെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ വികാരിയും സോഷ്യൽ വർക്കറുമായ ഫാ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പാ, ഒർലാൻഡോയിൽ നിന്നുമുള്ള ഫാ. ഡോ. ജേക്കബ് മാത്യു, സൗത്ത് ഫ്ളോറിഡയിൽ നിന്നുമുള്ള ഫാ. ഷിബു റെജിനോൾഡ്, സൗത്ത് ഫ്ളോറിഡയിൽ നിന്നുള്ള സോഷ്യൽ വർക്കറും സൈക്കോ തെറാപ്പിസ്റ്റുമായ ആന്റണി ചാത്തം തുടങ്ങിയവരാണ് ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മുടെ സമൂഹത്തെ സഹായിക്കുവാൻ തയാറായിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് സണ്‍ഷൈൻ ഫോമാ ആർവിപി ബിജു തോണിക്കടവൻ, റീജിയണൽ കോർഡിനേറ്റർ ടി. ഉണ്ണികൃഷ്ണൻ, ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ നോയൽ മാത്യു, പൗലോസ് കുയിലാടൻ, അനു ഉല്ലാസ് റീജണൽ സെക്രട്ടറി സോണി തോമസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ടി. ഉണികൃഷ്ണൻ
കോവിഡ് 19: മലയാളി സമൂഹത്തിന് സാന്ത്വനവും ബോധവൽക്കരണവുമായി ഫോമാ സണ്‍ഷൈൻ റീജൺ
09:35 PM Apr 02, 2020 | Deepika.com