ഒമാൻ നടപടികൾ കർശനമാക്കുന്നു; ഒമാൻ എയർ ആഭ്യന്തര സർവീസുകൾ റദ്ദാക്കി

09:23 PM Mar 30, 2020 | Deepika.com
മസ്കറ്റ്: കോവിഡ് 19 ഒമാനിൽ സമൂഹ വ്യാപനത്തിലേക്ക് കടന്ന സാഹചര്യത്തിൽ രോഗം പടരാതിരിക്കാൻ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മെഡിക്കൽ സ്റ്റോറുകൾ, ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കുന്ന സൂപ്പർമാർക്കറ്റുകൾ, റസ്റ്ററന്‍റുകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. മസ്കറ്റിലെ പ്രശ്തമായ മത്ര സൂക്ക് ഉൾപ്പെടെയുള്ളവയും അടഞ്ഞുകിടക്കുകയാണ്. നിലവിൽ ചുരുക്കം ചില ഓഫീസുകൾ മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.

അത്യാവശ്യക്കാർക്ക് പുറത്തിറങ്ങാനുള്ള ഇപ്പോഴുള്ള അനുമതി നിലനിർത്തി രാജ്യത്തെ സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനാണ് അധികൃതരുടെ നീക്കമെന്നറിയുന്നു. ഇന്നെലെ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 179 ആയി. 29 പേർ രോഗമുക്തരായി. നിലവിൽ 150 പേർ ചികിത്സയിലാണ്.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കുന്നതിൽനിന്ന് പിന്തിരിയാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകി. ഒമാൻ ഭരണാധികാരിക്ക് നിർദേശങ്ങൾ നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട ഉന്നതാധികാര സമിതിയായ മജ് ലിസ് അൽ ഷൂറാ കൗൺസിൽ ആണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

ഒമാനിലെ തൊഴിലാളികളുടെ സംഘടനയായ ദി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജിഎഫ്ഒഡബ്ല്യു) കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ താത്പര്യ സംരക്ഷണത്തിന് പ്രതിജ്ഞബദ്ധമാണെന്ന് അറിയിച്ചു. എന്നാൽ മലയാളികൾ ഉൾപ്പെടെയുള്ള വലിയ വിഭാഗം പ്രവാസി ജീവനക്കാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. മാനവശേഷി മന്ത്രാലയമുൾപ്പെടെ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു പറയുന്പോഴും രോഗ വ്യാപനം തടയപ്പെടുന്നില്ലെങ്കിൽ തൊഴിൽദാതാക്കൾ നിസഹായരാകും.

ദേശീയ വിമാന കന്പനിയാ‍യ ഒമാൻ എയർ ഗവർണറേറ്റിലേക്കുള്ള ആഭ്യന്തര സർവീസ് ഒഴിച്ചുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു. എന്നാൽ കാർഗോ സർവീസിനെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് സിഇഒ അബ്ദുൾ അസീസ് അൽ റെയിസി അറിയിച്ചു.
നിലവിലെ കടൽമാർഗമുള്ള ചരക്കുനീക്കം പ്രധാനമായും സോഹർ തുറമുഖം വഴിയാണ്. തുറമുഖത്തെ ടെർമിനലുകളിൽ സൂക്ഷിച്ചിരിക്കുന്ന കണ്ടെയ്നറുകളുടെ ക്ലിയറൻസ് മന്ദഗതിയാണ് നടക്കുന്നത്.

റിപ്പോർട്ട്: സേവ്യർ കാവാലം