എച്ച് 1 ബി വീസയുള്ളരുടെ ജോലി നഷ്ടപ്പെട്ടാൽ തൊഴിലില്ലായ്മ വേതനം ലഭിക്കില്ല

10:41 PM Mar 25, 2020 | Deepika.com
വാഷിംഗ്ടൺ ഡിസി: കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നു കമ്പനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാൽ തൊഴിൽ നഷ്ടപ്പെട്ട എച്ച് 1 ബി വീസക്കാർക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടായിരിക്കില്ലെന്നു ലേബർ ഡിപ്പാർട്ട്മെന്‍റ് .

ഒരാഴ്ചയ്ക്കുള്ളിൽ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ സംഖ്യ 21,000ത്തിൽ നിന്നും 2,81,000 ത്തിൽ എത്തിയതായി ലേബർ ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ നിലവിലുള്ള 3.5 അൺ എപ്ലോയ്മെന്‍റ് റേറ്റ് വരും മാസങ്ങളിൽ ഇരട്ടിയാകുമെന്നും ഇവർക്കെല്ലാം തൊഴിലില്ലായ്മ വേതനം നൽകുക സാധ്യമല്ലെന്നും പറയുന്നു.

സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രവചനാതീതമാകും. തൊഴിൽ നഷ്ടപ്പെടുന്ന എച്ച് 1 ബി വീസയ്ക്കുള്ളവർക്ക് ഭാവിയിൽ ജോലി ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ അവർക്ക് തൊഴിലില്ലായ്മ വേതനത്തിനു അർഹതയുണ്ടാവില്ലെന്നും ഇന്ത്യൻ അമേരിക്കൻ ഇമിഗ്രേഷൻ അറ്റോർണി സൈറസ് മേത്ത പറഞ്ഞു.

എച്ച് 1 ബി ജോലിക്കാരുടെ ലീഗൽ സ്റ്റാറ്റസ് ജോലി നഷ്ടപ്പെടുന്നതോടെ ഇല്ലാതാകുമെന്നും മേത്ത പറഞ്ഞു. എന്നാൽ എച്ച് 4 വീസയുള്ളവർക്ക് തൊഴിലില്ലായ്മ വേതനത്തിനപേക്ഷിക്കാൻ അർഹതയുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോൾ നിലവിലുള്ള നിയമമനുസരിച്ച് എച്ച് 1 വീസയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിയമം അനുശാസിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ