മിൽവാക്കിയിൽ ബിയർ നിർമാണ പ്ലാന്‍റിൽ വെടിവയ്പ്, അക്രമിയുൾപ്പെട ആറു പേര് കൊല്ലപ്പെട്ടു

08:38 PM Feb 27, 2020 | Deepika.com
മിൽവാക്കി, വിസ്കോൺസിൻ : മിൽവാക്കി മില്ലർകോഴ്സ് ബ്രൂവിംഗ് കാമ്പസിൽ സഹപ്രവർത്തകർക്കുനേരെ നടത്തിയ വെടിവയ്പിൽ അക്രമി ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു.

മിൽവാക്കി 4000 W സ്റ്റേറ്റ് സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ബിയർ ഉല്പാദന പ്ലാന്‍റിനകത്തായിരുന്നു സംഭവം. അറനൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കെട്ടിടങ്ങൾ ഉള്ള പ്ലാന്‍റിൽ പ്രവേശിച്ച അക്രമി സൈലെൻസർ ഉപയോഗിച്ചുള്ള തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചത്. പ്ലാന്‍റിലെ ക്ലോസറ്റിനകത്തു ഒളിച്ചിരുന്ന ഒരു ജീവനക്കാരനാണ് വിവരം പുറത്തറിയിച്ചത്. വെടിയുതിർത്തുവെന്നു സംശയിക്കുന്ന 51 കാരനായ ജീവനക്കാരനും സംഭവത്തിനുശേഷം സ്വയം വെടിയുതിർത്തു മരിച്ചതായി മിൽവാക്കി പോലീസ് അറിയിച്ചു .ആരുടേയും പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തെ തുടർന്നു പ്ലാന്‍റിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള എലിമെന്‍ററി സ്കൂളും അടച്ചുപൂട്ടി .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .

സംഭവത്തെ അപലപിച്ച് രംഗത്തുവന്ന മേയർ ടോം ബാററ്റ് മിൽവാക്കി സിറ്റിയെ സംബന്ധിച്ചു അതി ദുഃഖകരമായ ദിവസമാണിന്ന് ‌എന്നാണ് വിശേഷിപ്പിച്ചത്. പ്രസിഡന്‍റ് ട്രമ്പും സംഭവത്തെ അപലപിച്ചു .

2004 നു ശേഷം വിസ്കോൺസിൽ സംസ്ഥാനത്തുണ്ടാകുന്ന മാസ് ഷൂട്ടിംഗ് ആണിതെന്നു ലഫ്. ഗവർണർ മണ്ടേല ബാർനെസ് പറഞ്ഞു . ഇത്തരത്തിലുള്ള ഷൂട്ടിംഗ് ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

റിപ്പോർട്ട്: പി.പി. ചെറിയാൻ