വെളിച്ചം ഖുർആൻ പഠന പദ്ധതി സമ്മാനദാനം

06:35 PM Feb 25, 2020 | Deepika.com
റിയാദ് : സൗദി ഇന്ത്യൻ ഇസ് ലാഹി സെന്‍ററിനു കീഴിൽ നടക്കുന്ന "വെളിച്ചം' സമ്പൂർണ ഖുർആൻ പഠന പദ്ധതിയുടെ പതിനാലാം മൊഡ്യൂൾ പരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്കുള്ള  സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു .

പരിശുദ്ധ ഖുർആനിന്‍റെ ആശയം മുഴുവൻ ആളുകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തിൽ കേരളത്തിലും വിദേശങ്ങളിലും വർഷങ്ങളായി നടപ്പാക്കി വരുന്ന ഒരു തുടർ ഖുർആൻ പഠന പദ്ധതിയാണ് "വെളിച്ചം'. വീടുകളിലിരുന്നുതന്നെ ഖുർആൻ പഠിക്കാനും പരീക്ഷ എഴുതാനും സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇപ്പോൾ ഓൺലൈനിൽ പരീക്ഷ എഴുതാനുള്ള സംവിധാനവും സൗദി ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഒരുക്കിയിട്ടുണ്ട്. മുഹമ്മദ് അമാനി മൗലവി തയാറാക്കിയ വിശുദ്ധ ഖുർആൻ വിവരണമാണ് "വെളിച്ചം' പദ്ധതിക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്.

സൗദി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ റിയാദ്, ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ന്യൂ സനയ ജാലിയാത്ത് മേധാവി ഷെയ്ഖ് അബ്ദുറഹീമുബ്നു മുഹമ്മദ് അൽ മുഹൈനി മുഖ്യാതിഥി ആയിരുന്നു. മുബഷിറ, സിദ്ദീഖ്, സജ്ന സലീം, ഷാഹിന കബീർ, നുസ്രത്ത്, നൗഷില, നൗഫിദ, സജ്ന നിയാസ്, ഷാഹിദ, ഉമ്മർ, നിദ അബ്ദുൽ നാസർ എന്നിവർക്ക് നൂറു ശതമാനം മാർക്കും കരസ്ഥമാക്കിയതിനുള്ള സമ്മാനവും 99 മാർക്ക് നേടിയ പതിനൊന്നാളുകൾക്ക് രണ്ടാം സ്ഥാനത്തിനുള്ള സമ്മാനങ്ങളും നൽകി. അഷ്റഫ് മരുത, സഹൽ ഹാദി, സിറാജ് തയ്യിൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ