പാത്രിയാർക്കീസ് ബാവാക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം

06:42 PM Feb 14, 2020 | Deepika.com
ദുബായ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ അപ്പോസ്‌തോലിക സന്ദർശനത്തിനായി യുഎഇയിൽ എത്തിച്ചേർന്നു. ലെബനനിൽനിന്ന് എത്തിച്ചേർന്ന ബാവയേയും സംഘത്തേയും യുഎഇ പാത്രിയാർക്കൽ വികാരി മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. പി.പി. മത്തായി, സെക്രട്ടറി ജോർജ് ജേക്കബ്, കമാണ്ടർ തോമസ് ദാസ്, ട്രസ്റ്റി സഞ്ജീവ് വർഗീസ്, സരിൻ ചീരൻ, വിബിൻ വിൽസൺ, ഡെബിൻ ബെന്നി എന്നിവർ ചേർന്ന്‌ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.

മരുഭൂമിയിലെ മഞ്ഞനിക്കര എന്നറിയപ്പെടുന്ന ദുബായ് ജബൽ അലിയിലെ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവയുടെ 88-ാം ദുഃഖറോനോ പെരുന്നാൾ ശുശ്രൂഷകൾക്ക് ബാവ മുഖ്യ കാർമികത്വംവഹിക്കും. ഫെബ്രുവരി 13,14 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം.

ഇതു രണ്ടാംതവണയാണ് ബാവ യുഎഇ സന്ദർശിക്കുന്നത്. വിവിധ എമിറേറ്റുകളിലെ ഭരണത്തലവന്മാരുമായും മറ്റു പ്രമുഖരുമായും ബാവ ഈ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. മോർ ബൗട്രോസ് കസിസ് മെത്രാപ്പോലീത്ത, വന്ദ്യ ബാലി റമ്പാൻ, ഫാ. ജോഷി മർക്കോസ് എന്നിവരും ബാവയുടെ സംഘത്തിലുണ്ട്. ശനിയാഴ്ച ബാവ ലെബനനിലേക്ക് മടങ്ങും.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം