കിഷോർ പീറ്റർ വട്ടപറന്പിൽ ഫോക്കാന നാഷണൽ കമ്മിറ്റി സ്ഥാനാർഥി

08:39 PM Feb 09, 2020 | Deepika.com
ടാമ്പ: ഫൊക്കാനയുടെ 2020 - 22 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് ഫ്‌ളോറിഡ റീജണിനെ പ്രതിനിധീകരിച്ച് പ്രമുഖ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ കിഷോര്‍ പീറ്റര്‍ വട്ടപ്പറമ്പില്‍ മത്സരിക്കുന്നു.

ടാമ്പായിലെ മലയാളി സമൂഹത്തില്‍ ചുരുങ്ങിയ കാലംകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച കിഷോര്‍, മികച്ച ഒരു സംഘാടകനും സാംസ്കാരിക മേഖലകളിലും ബിസിനസ് രംഗത്തും മികവു തെളിയിച്ച ഒരു പ്രതിഭയുമാണ്. ജോര്‍ജി വര്‍ഗീസ് നേതൃത്വം നല്‍കുന്ന ടീമില്‍ ആയിരിക്കും കിഷോര്‍ പീറ്റര്‍ സ്ഥാനാര്‍ഥിയാകുക.

സെന്‍ട്രല്‍ ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (കെസിസിസിഎഫ്) പ്രസിഡന്‍റ്, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിസിഎന്‍എ) രണ്ടു തവണ ഓഡിറ്റര്‍, നാഷണല്‍ കമ്മിറ്റി മെംബർ, സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ഓഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കിഷോര്‍ ഇപ്പോള്‍ അതേ ദേവാലയത്തിലെ പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിക്കുന്നു.

സിപിഎ ബിരുദധാരിയായ കിഷോര്‍ ഐആര്‍എസില്‍ ഓഡിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി ടാമ്പായില്‍ കെ.പി അക്കൗണ്ടിംഗ് ആൻഡ് ടാക്‌സ് സര്‍വീസ് എന്ന സ്ഥാപനത്തിന്‍റേയും മറ്റു നിരവധി പ്രസ്ഥാനങ്ങളുടേയും ഉടമയാണ്.

പാലാ വള്ളിച്ചിറ സ്വദേശിയാണ് കിഷോർ പീറ്റർ. ഭാര്യ: സിന്ധ്യ. മക്കള്‍: ആഷ്‌ലി, ഏഞ്ചല്‍, ജാസ്മിന്‍, ജോര്‍ഡന്‍.

കിഷോറിന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ ഒരു കഴിവുറ്റ നേതാവിനെയാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ലഭിക്കുക എന്ന് കിഷോര്‍ ഉള്‍പ്പെടുന്ന ടീമിനു നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ഥികളായ ജോര്‍ജി വര്‍ഗീസ് (പ്രസിഡന്‍റ്), സണ്ണി മറ്റമന (ട്രഷറര്‍), ചാക്കോ കുര്യന്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍), ജേക്കബ് പടവത്തില്‍ (ആര്‍വിപി) എന്നിവര്‍ പറഞ്ഞു.

റിപ്പോർട്ട്: ജോസ്മോൻ തത്തംകുളം