അബുദാബി കെഎംസിസി റിപ്പബ്ലിക് ദിനം ആചരിച്ചു

07:52 PM Jan 29, 2020 | Deepika.com
അബുദാബി: ഇന്ത്യയുടെ 71 -ാമത് റിപ്പബ്ലിക് ദിനാചരണം വൻജനാവലിയുടെ സാന്നിധ്യത്തിൽ
അബുദാബി കെഎംസിസി സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ ഒരുക്കിയ "റിപ്പബ്ലിക്ക് ഡേ ടോക്' പ്രവാസികളുടെ രാജ്യസ്നേഹത്തിന്‍റെ പ്രതിഫലനമായി. ആയിരത്തോളം പേർ പങ്കെടുത്ത ചടങ്ങ് , അബുദാബി കമ്യൂണിറ്റി പോലീസ് പ്രതിനിധി ഫദൽ അൽ തമീമി ഉദ്ഘാടനം ചെയ്തു.

അബുദാബി സംസ്ഥാന കെഎംസിസി പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത മാധ്യമ പ്രവർത്തകനും സാമൂഹിക ചിന്തകനുമായ ഡോ. അരുൺ കുമാർ, സുപ്രീം കോടതി അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ജൈന, ബുദ്ധ, സിക്ക് മതത്തിന്‍റേയും വിവിധ ചക്രവർത്തിമാരുടെയുമക്കെ ചിത്രശകലങ്ങൾ കൊണ്ട് അലംകൃതമായതാണ് ഇന്ത്യൻ ഭരണഘടന. മതത്തിനും ദൈവത്തിനുമപ്പുറം നാം ഇന്ത്യക്കാർ ഇന്നു ശ്രേഷ്ഠമായ അവതാരികയിൽ തുടങ്ങുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ഡോ. അരുൺ കുമാർ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ നിന്നും ആർജിച്ചെടുത്ത ഭരണഘടന, ധർമ - നീതി മൂലമാണ് ഇന്ത്യൻ ഭരണഘടന ഇതുവരെ നില നിന്നു പോയത്. എല്ലാവരും പങ്കു വച്ചെടുക്കുന്ന സംസ്കാരത്തിന്‍റെ പേരാണ് ഇന്ത്യയെന്നും അരുൺ കുമാർ പറഞ്ഞു.

ഇന്ത്യയുടെ ഗതകാല മഹിമകളുടെ പരിപ്രേഷ്യമുള്ളതും ലോകത്ത് നടന്ന മഹാ വിപ്ലവങ്ങളിൽ നിന്നും മനുഷ്യാവകാശമുന്നേറ്റങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും ദീർഘ വീക്ഷണത്തോടെ രൂപപ്പെടുത്തിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് പ്രമുഖ അഭിഭാഷകയും ആക്ടിവിസ്റ്റുമായ അഡ്വ. രേഷ്മിത രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മതേതര കൂട്ടായ്മകളുടെ മുന്നേറ്റം ഇന്ത്യൻ ജനാധിപത്യത്തിനു പുതിയ വസന്തം നൽകുമെന്നത് തീർച്ചയാണ്. ചരിത്രം ഒരിക്കലും ആവർത്തനങ്ങളുടെതാകില്ല എന്നാൽ അത് സമാനതകളിലൂടെയാണ് കടന്നുപോവുക. ജനാധിപത്യത്തിന്‍റെ നിലനിൽപ് ഭീഷണി നേരിടുന്ന ഘട്ടത്തിലും അത് സ്വന്തത്തെ ബാധിക്കില്ലെന്ന് ചിന്തിക്കുന്നത് തികഞ്ഞ മൗഢ്യമാണെന്നും അഡ്വ. രശ്മിത രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.


അബുദാബിയിലെ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിന് ജനറൽ സെക്രട്ടറി അഡ്.വ കെവി മുഹമ്മദ് കുഞ്ഞി സ്വാഗതവും പി.എ. അബ്ദുൽ ഹമീദ് കടപ്പുറം നന്ദിയും പറഞ്ഞു.
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ, എം.പി.എം റഷീദ് ,
പി. കെ.അഹമ്മദ് , അസീസ് കാളിയാടൻ, അബ്ദുല്ല നദ്‌വി, സി. സമീർ, അഷ്‌റഫ് പൊന്നാനി, സലാം ടി.കെ, ഹംസ നടുവിൽ, കെ.കെ. അഷ്‌റഫ്, ഹംസഹാജി മാറാക്കര, റഷീദ് പട്ടാമ്പി, വിപി മുഹമ്മദ് ആലം, എ. സഫീഷ് , ബഷീർ അഹമ്മദ് റൈൻബോ, അബ്ദുല്ല കാക്കുനി, ഇ ടി മുഹമ്മദ് സുനീർ , റഷീദലി മമ്പാട് എന്നിവർ സംബന്ധിച്ചു .

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള