റിപ്പബ്ലിക് ദിനത്തില്‍ ഐക്യദാർഢ്യ സദസുമായി കല കുവൈറ്റ്

06:36 PM Jan 28, 2020 | Deepika.com
കുവൈത്ത് സിറ്റി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യപ്പെട്ടുകൊണ്ടും ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻ‌വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഇന്ത്യയുടെ 71-ാം റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മേഖല കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിച്ചു.

അബാസിയ, ഫഹാഹീൽ, സാൽ‌മിയ, അബു ഹലീഫ എന്നീ നാല് മേഖലകളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസിൽ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. കുവൈറ്റ് പ്രവാസ മേഖലയിലെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സദസിൽ പങ്കെടുത്തവർ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്താണ് പിരിഞ്ഞത്.

കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ്, മുന്‍‌ ഭാരവാഹി ടിവി ഹിക്‌മത്ത്, മലയാളം മിഷന്‍ ചീഫ് കോഓർഡിനേറ്റര്‍ ജെ. സജി, കല കുവൈറ്റ് മിന്‍‌ ഭാരവാഹി ആര്‍ നാഗനാഥന്‍ എന്നിവര്‍ യഥാക്രമം അബാസിയ, ഫഹാഹീല്‍, സാല്‍‌മിയ, അബു ഹലീഫ എന്നിവിടങ്ങളില്‍ ഐക്യദാര്‍ഡ്യ സദസ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സത്താർ കുന്നിൽ, ശരീഫ് താമരശേരി (ഐ‌എം‌സിസി), ടിപി അൻ‌വർ (ജനത കൾച്ചുറൽ സെന്‍റർ), ഷെറിൻ ഷാജു, രമ അജിത്ത് (വനിതാവേദി കുവൈറ്റ്), രാജീവ് ജോൺ, ഉണ്ണി (കേരള അസോസിയേഷൻ), അനിൽ കുമാർ, രാജഗോപാൽ (പി‌പി‌എഫ്), എന്നിവരും കല കുവൈറ്റ് കേന്ദ്ര മേഖല ഭാരവാഹികളും സദസുകളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ