ഹൂസ്റ്റണിൽ മലയാളികൾ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

07:21 PM Jan 27, 2020 | Deepika.com
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ മലയാളികൾ ഇന്ത്യയുടെ 71-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

അസോസിയേഷന്‍റെ ആസ്ഥാനമായ കേരള ഹൗസില്‍ രാവിലെ ചേർന്ന യോഗത്തിൽ സ്റ്റഫോര്‍ഡ് സിറ്റി കൗണ്‍സിലംഗം കെന്‍ മാത്യു അമേരിക്കന്‍ പതാകയും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സാം ജോസഫ് ഇന്ത്യയുടെ ദേശീയപതാകയും ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്തവര്‍ ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചു. രാജ്യത്തിന്‍റെ
അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടി എക്കാലത്തും നിലകൊള്ളുമെന്നു ഇന്ത്യയുടെ ശക്തിക്കും പ്രബലതയ്ക്കും വേണ്ടി ഓരോ ഇന്ത്യക്കാരനും ഒരേ മനസോടെ പ്രവര്‍ത്തിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു.

അസോസിയേഷന്‍ സെക്രട്ടറി മാത്യു മുണ്ടക്കന്‍ സ്വാഗതവും ട്രഷറര്‍ ജോസ് ജോണ്‍ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: ഡോ. ജോർജ് എം. കാക്കനാട്ട്