ദുബായിൽ സ്കൂൾ ബസുകൾ "സ്മാർട്ട്' ആകുന്നു

06:14 PM Jan 24, 2020 | Deepika.com
ദുബായ്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ ബസുകളിൽ കൂടുതൽ സ്മാർട്ട് സംവിധാനങ്ങൾ പരിഗണനയിൽ. ബസിൽ കുട്ടികളെ മറക്കുക, ചൂഷണം ചെയ്യുക തുടങ്ങിയവ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ദുബായ് പോലീസിന്‍റെ നടപടി.

കുട്ടികളുടെ മുഖം സ്കാൻ ചെയ്യുന്ന പ്രത്യേക കാമറകൾ സ്ഥാപിക്കുന്നതാണ് ഇതിൽ പ്രധാനം. നിർമിതബുദ്ധി ഉപയോഗിച്ചാണ് ഇതു പ്രവർത്തിക്കുക. ബസിൽ കയറുന്ന ഓരോ കുട്ടിയുടെയും മുഖം സ്കാൻ ചെയ്യുന്നു. ഏതെങ്കിലും കുട്ടി സ്കൂളിലോ നിശ്ചിത സ്റ്റോപ്പിലോ ഇറങ്ങിയില്ലെങ്കിൽ ഡ്രൈവറെയോ സൂപ്പർവൈസറെയോ അറിയിക്കും. ട്രിപ്പ് അവസാനിപ്പിക്കുമ്പോൾ ഡ്രൈവർ പിൻഭാഗം വരെ പോയി എല്ലാ സീറ്റുകളും പരിശോധിച്ച് കുട്ടികൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ ഡോർ പെട്ടെന്നു തുറക്കാനുള്ള സംവിധാനവുമൊരുക്കും.

ബസുകളുടെ അകത്തും പുറത്തും നൂതന കാമറകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതാണ് സ്മാർട്ട് സംവിധാനം. സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ മോണിറ്ററിംഗ് സെന്‍ററിൽ നിന്നു ബസുകളെ പൂർണമായും നിരീക്ഷിക്കാനാകും. ഡ്രൈവർമാർ, അറ്റൻഡർമാർ, കുട്ടികൾ എന്നിവരെയും ബസിനു പുറത്തുള്ള കാര്യങ്ങളും നിരീക്ഷിക്കാനാകും. ബസ് പോകുന്ന സ്ഥലം, പ്രവർത്തനത്തിലെ പാളിച്ച തുടങ്ങിയവയും മനസിലാക്കാം.