മിശ്രിഫ്: കേരള എക്സ്പറ്റ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് യൂണിയൻ കോണ്‍ട്രാക്ടസ് സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഴാമത് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റ് വെള്ളിയാഴ്ച വൈകിട്ട് രണ്ടു മുതൽ ബായനിലുള്ള കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.
കുവൈത്തിലെ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേളയിൽ കെഫാകിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം മലയാളി താരങ്ങളിൽ നിന്നുമുള്ള കളിക്കാർ വിവിധ ജില്ലകൾക്കായി ബൂട്ടണിയും. രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ തിരുവനന്തപുരം, ഏറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലാ ടീമുകൾ പങ്കെടുക്കും.
ലീഗ് കം നോക്ക് ഒൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെയും പ്രവാസി ഫുട്ബോളിലെയും പ്രശസ്ത താരങ്ങളായിരുന്ന വെറ്ററൻസ് കളിക്കാർ അണിനിരക്കുന്ന മാസ്റ്റേർസ് ലീഗും, യുവതാരങ്ങൾ കൊന്പുകോർക്കുന്ന സോക്കർ ലീഗുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പിൽ മുന്നിലെത്തുന്ന ആദ്യ നാലു ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും. സെമി ഫൈനൽ മത്സരക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. അന്തർജില്ല സോക്കർ ലീഗിൽ ഇന്ത്യയിലെ വിവിധ പ്രൊഫഷനൽ ക്ലബുകളായ സെസ ഗോവ, മുംബൈ എഫ്സി, എഫ്.സി കൊച്ചിൻ, വിവകേരള, ടൈറ്റാനിയം, സെൻട്രൽ എക്സൈസ്, എസ്ബിടി തുടങ്ങിയ ക്ലബുകളിലും കേരളത്തിലെ സെവൻസ് ഫുട്ബോളിലും യൂണിവേഴ്സിറ്റി തലങ്ങളിലും തിളങ്ങിയ ഒട്ടേറെ താരങ്ങൾ വിവിധ ജില്ലകൾക്കായി അണിനിരക്കുന്നു. മത്സരത്തിൽ മാറ്റൊരുക്കുന്ന ജില്ലാ ടീമുകൾക്ക് മൂന്ന് അതിഥി താരങ്ങളെ അതാത് ജില്ലകളിൽ നിന്ന് പങ്കെടുപ്പിക്കാൻ അവസരമുണ്ടായിരിക്കും.
എല്ലാ വെള്ളിയാഴ്ചകളിലും രണ്ടു മുതൽ ഇരു കാറ്റഗറിയിലുമായി നാലു മത്സരങ്ങളാണ് നടക്കുക. കെഫാകിലെ വിവിധ ക്ലബുകളിൽ അണിനിരന്നിട്ടുള്ള ഫുട്ബോൾ താരങ്ങൾ തങ്ങളുടെ ജില്ലകൾക്കായി പോരാടുന്ന ആവേശകരമായ ഫുട്ബോൾ ഉത്സവമാണ് വരുന്ന രണ്ടര മാസക്കാലം കുവൈത്തിൽ അരങ്ങേറാൻ പോകുന്നത്. ഉദ്ഘാടന മത്സരത്തിൽ മാസ്റ്റേർസ് ലീഗിൽ കോഴിക്കോട് എറണാകുളത്തോടും സോക്കർ ലീഗിൽ കണ്ണൂർ മലപ്പുറത്തോടും ഏറ്റുമുട്ടും. കുവൈത്തിലെ മുഴുവൻ മലയാളി ഫുട്ബോൾ ആസ്വാദകർക്കും കുടുംബസമേതം മത്സരങ്ങൾ കാണുവാനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി കെഫാക് ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ കേഫാക് ജനറൽ സെക്രട്ടറി വി എസ് നജീബ്, ടൂർണമെന്റ് കണ്‍വീനർ ഷാജഹാൻ യൂണിയൻ കോണ്‍ട്രാക്ട്സ് പ്രതിനിധി ഫിറോസ് അഹ്മദ്’ ട്രഷറർ തോമസ് , സ്പോർട്സ് സെക്രട്ടറി അബ്ബാസ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് യൂണിയൻ കോണ്‍ട്രാക്ടസ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച കിക്കോഫ്
09:56 PM Jan 23, 2020 | Deepika.com