ഷിക്കാഗോ: പാർക്കിംഗ് ടിക്കറ്റ് ഫൈൻ അടയ്ക്കാത്തതിന്റെ പേരിൽ കാൻസൽ ചെയ്ത 55,000 ത്തിൽ അധികം ഡ്രൈവിംഗ് ലൈസൻസുകൾ തിരിച്ചു നൽകുന്നതിനുള്ള ഉത്തരവിൽ ഇല്ലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്ക്കർ ജനുവരി 17ന് ഒപ്പുവച്ചു. ഓരോ വർഷവും ആയിരക്കണക്കിനു ഡ്രൈവിംഗ് ലൈസൻസുകളാണ് ഇതിന്റെ പേരിൽ റദ്ദു ചെയ്യപ്പെടുന്നത്. ഇന്നു മുതൽ ഈ പ്രാക്ടീസ് അവസാനിപ്പിക്കുവാനാണു തീരുമാനമെന്നും ഗവർണർ പറഞ്ഞു.
ദാരിദ്ര രേഖക്കു താഴെ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനാവശ്യമായ മരുന്നോ ഭക്ഷണമോ വാങ്ങുന്നതിനുള്ള പണം ഈ ആവശ്യത്തിന് ഉപയോഗിക്കേണ്ടി വരുന്ന ദുരവസ്ഥ ആവർത്തിക്കുകയാണെന്നു ഗവർണർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാർക്കിംഗ് ടിക്കറ്റ് ഫൈൻ ഉൾപ്പെടെ ഗുരുതരമല്ലാത്ത കുറ്റങ്ങൾക്കു ഫൈൻ അടയ്ക്കേണ്ടി വരില്ലെന്നും പുതിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാമറ ടിക്കറ്റ് ഫൈൻ അടയ്ക്കാത്തതിന്റെ പേരിൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തവർക്ക് ലൈസൻസ് തിരിച്ചു നൽകുന്നതിനുള്ള നിയമനിർമാണം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ഇതൊരു നല്ല നിർദേശമാണെന്നും വിവിധ വശങ്ങൾ പഠിച്ചതിനു ശേഷം ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഗവർണർ പറഞ്ഞു.ഇല്ലിനോയ് സംസ്ഥാനത്തെ ഗവർണർ സ്വീകരിച്ച നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷിക്കാഗോയിൽ 55,000 ഡ്രൈവിംഗ് ലൈസൻസുകൾ തിരിച്ചുനൽകുന്ന ബിൽ ഗവർണർ ഒപ്പുവച്ചു
10:30 PM Jan 20, 2020 | Deepika.com