അബുദാബിയിൽ വാഹനാപകടം; ആറ് മരണം

08:26 PM Jan 16, 2020 | Deepika.com
അബുദാബി: ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. വ്യാഴാഴ്ച അൽറാഹ ബീച്ച് സ്ട്രീറ്റിനു സമീപം ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ റോഡിൽ രാവിലെ 6.30നായിരുന്നു അപകടം. സംഭവത്തിൽ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിലേറെയും ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരാണെന്ന് പോലീസ് പറഞ്ഞു.

റൺവേ തെറ്റിച്ച വെള്ള നിറത്തിലുള്ള സെഡാൻ കാറിനെ മറികടക്കുന്നതിനിടയിൽ പിന്നാലെ വന്ന ട്രക്ക് വേഗത കുറച്ചതിനെതുടർന്ന് പിന്നാലെ വന്ന മറ്റൊരു ട്രക്കിന്‍റെ പിന്നിൽ ഇടിച്ചാണ് അപകടം എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മൃതദേഹങ്ങളും പരിക്കേറ്റവരെയും വിവിധ ആശുപത്രികളിലേക്കു മാറ്റി.

അപകടത്തെ തുടർന്നു ഈ റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറിലേറെ സ്തംഭിച്ചു. രാവിലെ ജോലിക്ക് പോകുന്ന സമയമായതിനാൽ പലരും ഗതാഗതക്കുരുക്കിൽ കുടുങ്ങി. യാത്രക്കാർ മറ്റു റോഡുകളെ ആശ്രയിച്ചതോടെ ബദൽറോഡുകളെല്ലാം ഗതാഗതക്കുരുക്കിലമർന്നു. ഖലീജ് അൽ അറബ് സ്ട്രീറ്റു വഴി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് ഭാഗത്തേക്കു ഗതാഗതം തിരിച്ചുവിടുകയായിരുന്നു. ദ്രുതകർമസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ 8.55ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ഒരാളുടെ അശ്രദ്ധയ്ക്ക് നിരപരാധികളുടെ ജീവനാണ് വിലകൊടുക്കേണ്ടിവരുന്നതെന്നും പോലീസ് മേധാവി ലഫ്റ്റനന്‍റ് കേണൽ മുഹമ്മദ് അൽ ഹോസാനി പറഞ്ഞു.