കേളി വെബ്സൈറ്റ് പ്രകാശനം ചെയ്തു

09:32 PM Jan 13, 2020 | Deepika.com
റിയാദ് : കഴിഞ്ഞ 19 കൊല്ലമായി സൗദി അറേബ്യയിലെ റിയാദിൽ കലാ കായിക ജീവകാരുണ്യ രംഗത്ത് വ്യതിരിക്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കേളി കലാസാംസ്കാരിക വേദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്‍റെ പ്രകാശനം എം സ്വരാജ് എംഎൽഎ നിർവഹിച്ചു.

കേളിയുടെ പത്തൊൻപതാം വാർഷികാഘോഷമായ 'കേളി ദിനം 2020' അരങ്ങേറിയ ബാഗ്ലഫിലെ മോഡേൺ മിഡിൽ ഈസ്റ്റ് ഇന്‍റർനാഷണൽ സ്‌കൂൾ വേദിയിലാണ് വെബ്സൈറ്റ് പ്രകാശനം നടന്നത്. www.keliriyadh.com എന്നതാണ് വെബ്‌സൈറ്റ് വിലാസം.

കേളിയുടെ നവമാധ്യമ വിഭാഗമായ കേളി സൈബര്‍ വിംഗ് സബ് കമ്മിറ്റിയാണ് വെബ്സൈറ്റിന്‍റെ ഡിസൈനിംഗ് നടത്തിയത്. കേളിയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതു സമൂഹത്തിനു മുന്നില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സൈബർവിംഗിന് രൂപം കൊടുത്തത്. 'മാറുന്ന കാലത്ത് മാറ്റത്തിന്‍റെ ശബ്ദമായി' എന്ന മുദ്രാവാക്യവുമായി 2015ൽ പ്രവര്‍ത്തനമാരംഭിച്ച കേളി സൈബര്‍ വിംഗ്, നവമാധ്യമ രംഗത്ത് ഇന്ന് ശക്തമായ സാന്നിധ്യമാണ്. ബിജു തായമ്പത്ത് ചെയർമാനും സിജിൻ കൂവള്ളൂർ കൺവീനറുമായുള്ള കമ്മിറ്റിയാണ് നിലവിൽ സൈബർ വിംഗിനെ നയിക്കുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം റിയാദിന്‍റെ പ്രവാസ ഭൂമികയില്‍ കേളി നടന്നു തീര്‍ത്ത നാള്‍വഴികള്‍, കടന്നുപോയ കടമ്പകള്‍, എഴുതിച്ചേര്‍ക്കപ്പെടേണ്ട ചരിത്രങ്ങള്‍, ഓര്‍മയില്‍ തെളിയേണ്ട ചിത്രങ്ങള്‍, നാളത്തെ ചരിത്രമാകേണ്ട ഇന്നിലെ പ്രവര്‍ത്തനങ്ങള്‍, കേളിയെ നയിക്കുന്നവര്‍, തുടങ്ങിയ വിവരങ്ങളാണ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാർത്തകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കാനും കേളിയിലേക്ക് അംഗത്വത്തിന് അപേക്ഷിക്കുവാനും സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.