എൻ ശശിധരൻ രചിച്ച നാടകത്തിനു രംഗാവിഷ്കാരമൊരുക്കിയത് മസ്കറ്റിലെ പ്രശസ്ത നാടക പ്രവർത്തകൻ പത്മനാഭൻ തലോറയാണ്. കപടസദാചാരസങ്കൽപ്പങ്ങളും ഹൃദയശ്യൂന്യമായ സ്ത്രീപുരുഷബന്ധങ്ങളും കൊണ്ട് മലയാളി കെട്ടിപ്പൊക്കിയ ഒരു ജീവിതവ്യവസ്ഥയെ ഏറെ അസ്വസ്ഥമാക്കാനിടയുള്ള ഒരു സൃഷ്ടിയായിരുന്നു ന്ധഅടുക്കളന്ധ. പ്രവാസികളായ കലാകാരൻമാർ കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി.
ഷീനയും സുനിൽ ദത്തും മുഖ്യ വേഷമിട്ട നാടകത്തിൽ എൻ.പി മുരളി, വേണുഗോപാൽ, രഞ്ജു അനു, സൗമ്യ വിനോദ്, അനുപമ സന്തോഷ്, ദിനേശ് എങ്ങൂർ, മോഹൻ കരിവെള്ളൂർ, വിനോദ് ഗുരുവായൂർ, മാസ്റ്റർ ഹൃദത് സന്തോഷ്, കുമാരി ഇഷാനി വിനോദ്, കുമാരി വാമിക വിനോദ് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രതാപ് പാടിയിൽ വെളിച്ചവും രാജീവ് കീഴറ ശബ്ദ നിയന്ത്രണവും സംഗീതം സതീഷ് കണ്ണൂരും നൽകി. രംഗപടമൊരുക്കിയത് റെജി പുത്തൂരായിരുന്നു.
മസ്കറ്റിലെ നാടക വേദിയിൽ സജീവമായിരുന്ന കേരള വിഭാഗം, മുൻ കാലങ്ങളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ചിരുന്ന നാടകോത്സവങ്ങളിൽ സജീവമായി പങ്കെടുത്തു വന്നിരുന്നു. കേരള സംഗീത നാടക അക്കാദമി മസ്കറ്റിൽ സംഘടിപ്പിച്ച നാടക മത്സരത്തിലും പ്രേക്ഷക ശ്രദ്ധ നേടിയ നാടകം അവതരിപ്പിക്കുവാൻ കേരള വിഭാഗത്തിന് കഴിഞ്ഞിരുന്നു.
ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം, സ്കൂൾ ബോർഡ് മുൻ ഫിനാൻസ് ഡയരക്ടർ അംബുജാക്ഷൻ, സംഘാടക സമിതി വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ, കേരള വിഭാഗം കോ കണ്‍വീനർ പ്രസാദ്, സംഘാടക സമിതി കണ്‍വീൻ റെജു മറക്കാത്ത്, മലയാളം മിഷൻ ചീഫ് കോ ഓർഡിനേറ്റർ സന്തോഷ് കുമാർ എന്നിവർ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കും ഫലകങ്ങൾ നൽകി ആദരിച്ചു.
റിപ്പോർട്ട്: സേവ്യർ കാവാലം