എൻജിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി

04:12 PM Dec 14, 2019 | Deepika.com
കലിഫോര്‍ണിയ: എൻജിൻ തകരാറായതിനെത്തുടര്‍ന്നു കലിഫോര്‍ണിയ ഫ്രീവേയിലേക്ക് ചെറിയ വിമാനം ഇടിച്ചിറക്കി. സാന്‍ഡിയേഗോയ്ക്ക് പുറത്ത് കാള്‍സ്ബാദിലെ അന്തര്‍സംസ്ഥാന ഫ്രീവേ 5 ലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

സിംഗിള്‍ എൻജിന്‍ സെസ്ന 182 വിമാനമാണ് എൻജിന്‍ തകരാറിനെത്തുടര്‍ന്ന് താമരാക് അവന്യൂ റാമ്പിനു സമീപമുള്ള ഫ്രീവേയിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്തത്. കോക്ക്പിറ്റില്‍ പുക നിറഞ്ഞതാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്യാന്‍ കാരണമെന്ന് ഫോക്സ് 5 സാന്‍ ഡിയേഗോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്തിലെ പൈലറ്റിനും യാത്രക്കാരനും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും കലിഫോര്‍ണിയ ഹൈവേ പട്രോള്‍ സ്ഥിരീകരിച്ചു.

അന്തര്‍സംസ്ഥാന ഫ്രീവേ 5 ന്‍റെ തെക്ക് ഭാഗത്തുള്ള പാതകള്‍ വ്യാഴാഴ്ച അടച്ചിരുന്നുവെങ്കിലും എല്ലാം അര്‍ദ്ധരാത്രിയോടെ വീണ്ടും തുറന്നതായി എബിസി 10 ന്യൂസ് സാന്‍ ഡിയേഗോ റിപ്പോര്‍ട്ടു ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ എല്‍ മോണ്ടെയില്‍ നിന്ന് കാള്‍സ്ബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കാള്‍സ്ബാദിലെ മക്‌ലെല്ലന്‍-പലോമര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടു മൈല്‍ അകലെയാണ് വിമാനം തകരാറിലായത്.

പ്രാദേശിക സമയം രാത്രി 7.05 ഓടെ ഫ്രീവേയില്‍ ഇറങ്ങുന്നതിനു മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി കാള്‍സ്ബാദ് അഗ്നിശമന വകുപ്പിന്‍റെ ഡിവിഷന്‍ മേധാവി മൈക്ക് ലോപ്പസ് പറഞ്ഞു.

രേഖകള്‍ പ്രകാരം വിമാനം കോവിനയിലെ വിയോള എല്‍എല്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2022 വരെ അതിന്‍റെ ഫ്ലൈറ്റ് സ്റ്റാറ്റസ് സാധുതയുള്ളതാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്എഎ) പറയുന്നു. അപകടത്തിന്‍റെ കാരണം നിര്‍ണയിക്കാന്‍ എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ മാസം യൂട്ടയിലും സിംഗിള്‍ എൻജിന്‍ വിമാനം ഒരു ഫ്രീവേയില്‍ ഇടിച്ചിറക്കിയിരുന്നു. പൈലറ്റിനേയും യാത്രക്കാരനെയും ആംബുലന്‍സും മെഡിക്കല്‍ ഹെലികോപ്റ്ററും ഉപയോഗിച്ച് ആശുപത്രിയിലെത്തിച്ചു.

മോശമായ കാലാവസ്ഥയെ തുടര്‍ന്നു സൗത്ത് ഡക്കോട്ടയില്‍ വിമാനം തകര്‍ന്നു രണ്ട് കുട്ടികളടക്കം ഒമ്പത് പേര്‍ ഈ മാസം ആദ്യം കൊല്ലപ്പെട്ടിരുന്നു. സിയാക്സ് വെള്ളച്ചാട്ടത്തിന് പടിഞ്ഞാറ് 140 മൈല്‍ അകലെ ബ്രൂള്‍ കൗണ്ടിയിലെ ചേംബര്‍ലൈന്‍ മുനിസിപ്പല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷമാണ് പിലാറ്റസ് പിസി 12 സിംഗിള്‍ എൻജിന്‍ വിമാനം തകര്‍ന്നു വീണത്.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ