ഹൂസ്റ്റണിൽ സംയുക്ത ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 25 ന്

03:40 PM Dec 14, 2019 | Deepika.com
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്‌ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ക്രിസ്മസ് ആഘോഷം ഈ വർഷം ഡിസംബർ 25 നു (ബുധൻ) വൈകുന്നേരം 5 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

സ്റ്റാഫോർഡിലുള്ള സെന്‍റ് ജോസഫ് ദേവാലയ ഹാളിൽ (303,Present St, Missouri City, TX 77489) ആണ് ആഘോഷ പരിപാടികൾ.

ഹൂസ്റ്റണിലുള്ള 18 ദേവാലയങ്ങൾ ഉൾപ്പെടുന്ന ഐസിഇസിഎച്ച് (ICECH) എന്ന സംഘടന പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചു പ്രവർത്തനമാരംഭിച്ചു. പങ്കെടുക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി ലക്കി ഡ്രോ യും നടത്തുന്നതാണ്. നറുക്കെടുപ്പിലൂടെ വിജയികളാകുന്ന ആദ്യത്തെ മൂന്നു സമ്മാനാർഹർക്ക് വിലയേറിയ സമ്മാനങ്ങളും നൽകും.

വിശിഷ്ടാതിഥികളായി ഫാ. മാത്യൂസ് ജോർജ്‌, ഫാ. രാജീവ് വലിയവീട്ടിൽ എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകും. 18 ഇടവകകളിൽ നിന്നും ക്രിസ്മസ് സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. അതോടൊപ്പം തന്നെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ച് 18 സാന്താക്ലോസുമാർ അണിനിരക്കുന്ന സ്റ്റേജ് ഷോയും പ്രത്യേക ഫുഡ് സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.

ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുകളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ഫാ. ഐസക് ബി. പ്രകാശ് , സെക്രട്ടറി എബി.കെ. മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, ട്രഷറർ രാജൻ തോമസ് , വോളന്‍റിയർ ക്യാപ്റ്റന്മാരായ ജോജോ തുണ്ടിയിൽ, ഷീജ വർഗീസ്, പബ്ലിക് റിലേഷൻസ് ഓഫീസർ റോബിൻ ഫിലിപ്പ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ