കാശ്മീർ വിഷയം: യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു

06:12 PM Dec 13, 2019 | Deepika.com
വാഷിംഗ്ടൻ ഡിസി: കാശ്മീരിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടും ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗവും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ പ്രമീള ജയ്പാൽ യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി സ്റ്റീവ് വാട്ട്കിൻസും താനും ചേർന്നാണ് പ്രമേയം യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചതെന്ന് പ്രമീള ജയ്പാൽ ട്വിറ്ററിൽ കുറിച്ചു.

ജമ്മു കാശ്മീർ താഴ്‌വരയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഇന്ത്യ ഗവൺമെന്‍റ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

വാഷിംഗ്ടണിൽ നിന്നുള്ള ജുഡീഷറി കമ്മിറ്റിയിലെ ഏക അംഗവും കൺഗ്രഷനൽ പ്രോഗ്രസീവ് കോക്കസ് ഉപാധ്യക്ഷയുമാണ് ജയ്പാൽ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഗവൺമെന്‍റ് ജമ്മു കശ്മീരിൽ സ്വീകരിച്ച നിലപാടുകളിൽ താൻ അതൃപ്തയാണെന്നും പ്രമീള ജയ്പാൽ ട്വിറ്ററിൽ കുറിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ