ദമാം: മുസ്ലീങ്ങളെ വംശീയ ഉൻമൂലനത്തിന് വിധേയമാക്കാൻ ശ്രമിക്കുന്ന, വംശീയതയുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച പൗരത്വ ബില്ലിനെതിരെ പ്രവാസികൾ ശക്തമായ പ്രതിഷേധമുയർത്തണമെന്ന് യൂത്ത് ഇന്ത്യ ഈസ്റ്റണ്‍ പ്രൊവിൻസ് ആവശ്യപ്പെട്ടു.
ഇന്ത്യൻ സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ച്, മുസ്ലീങ്ങളെ അപരരായി പ്രഖ്യാപിക്കാനുള്ള ഭരണകൂടത്തിന്റെ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഈ ബില്ലിലൂടെ. പ്രതിപക്ഷ പാർട്ടികളെയും ജനാധിപത്യ വാദികളെയും വിവിധ ഭീഷണികളിലൂടെ നിശബ്ദരാക്കി ബില്ല് പാസാക്കിയെടുക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യത്തിന്റെ ആത്മാവിന്റെയും വ്യക്തമായ നിഷേധമായ പൗരത്വബില്ലിനെയും അതിന്റെ കൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വ രജിസ്റ്ററിനെയും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ മനുഷ്യരും ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടത്. ബില്ല് പാസാക്കിയെടുക്കുന്ന വംശീയ മുൻവിധികളുള്ളവർ നടപ്പാക്കുന്ന ഇത്തരം സംവിധാനങ്ങളിലൂടെ എന്ത് രേഖകൾ ഹാജരാക്കിയാലും അവരുദ്ദേശിക്കുന്നവരെ പുറത്താക്കാനാകും. മാത്രമല്ല പ്രത്യേക വിഭാഗങ്ങളുടെ പൗരത്വത്തെയും അസ്തിത്വത്തെയും സംശയത്തിന്റെ നിഴലിലാക്കി പേടിപ്പിച്ച് ഭരിക്കാനും രണ്ടാം തരം പൗര·ാരെ സൃഷ്ടിക്കാനുമുള്ള പദ്ധതിയാണിത്.
പ്രവാസി സമൂഹവും മത സാംസ്കാരിക സംഘടനകളും ഈ വിഷയത്തിൽ നീതിയോടൊപ്പം നിലയുറപ്പിക്കുകയും പ്രതിഷേധമുയർത്തുകയും ചെയ്യണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
വംശീയ ബില്ലിനെതിരെ പ്രതിഷേധമുയർത്തുക: യൂത്ത് ഇന്ത്യ
10:25 PM Dec 10, 2019 | Deepika.com