ദമാം: നവോദയ സാംസ്കാരികവേദി ഹഫുഫ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗസംഗമം 2019 ഇടതുപക്ഷ ചിന്തകനും കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്റ്ററുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
മോദി സർക്കാരിന്റെ കീഴിൽ ഇന്ത്യ സമസ്തമേഖലകളിലും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും, അത്യന്തം ഭീദിതമായ ഒരു സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഭവസ്രോതസുകളുടെ സ്വകാര്യവൽക്കരണം, ദേശീയ പൗരത്വ ബിൽ എന്നിവ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ചരിത്ര യാഥാർഥ്യങ്ങളെ മിഥ്യാവൽകരിക്കുകയും, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രസത്യങ്ങളെന്ന രീതിയിൽ പ്രചരിപ്പിക്കുകയുമാണ് അവർ ചെയ്യുന്നത്. ഇന്ത്യൻ ദേശീയതയുടെ സാംസ്കാരിക വൈവിധ്യങ്ങൾ പാടെ നിരാകരിച്ചു കൊണ്ട് ദേശീയതയെ അപനിർമ്മിക്കുകയാണ് സംഘപരിവാർ ശക്തികൾ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ മത നിരപേക്ഷ ജനാധിപത്യ ശക്തികൾ വിയോജിപ്പുകൾ മാറ്റിവച്ചു ഒരുമിച്ചു പ്രതിരോധ നിര തീർക്കണമെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
നവോദയ അൽഹസ ഹഫൂഫ് ഏരിയ സർഗസംഗമം സംഘടിപ്പിച്ചു
10:23 PM Dec 10, 2019 | Deepika.com