ഇന്ത്യാ പ്രസ് ക്ലബ് ന്യുയോര്‍ക്ക് ചാപ്റ്ററിനു നവ നേതൃത്വം

11:43 AM Dec 10, 2019 | Deepika.com
ന്യുയോര്‍ക്ക്: ഇന്ത്യാ പ്രസ്‌ക്ലബ് ന്യുയോര്‍ക്ക് ചാപ്റ്ററിന്റെ 2020- 21 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരെഞ്ഞെടുത്തു. ജോര്‍ജ് ജോസഫ് (പ്രസിഡന്റ്), ഡോ. കൃഷ്ണ കിഷോര്‍ (വൈസ് പ്രസിഡന്റ്) റെജി ജോര്‍ജ് (ജനറല്‍ സെക്രട്ടറി) ടാജ് മാത്യു (ട്രഷറര്‍) ഷോളി കുമ്പിളുവേലി (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

പ്രസ് ക്ലബിന്റെ തുടക്കക്കാരിലൊരാളായ ജോര്‍ജ് ജോസഫ് നാഷനല്‍ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇമലയാളി ഡോട്ട് കോം, ഇന്ത്യാ ലൈഫ് ഡോട്ട് യു.എസ്. എന്നീ പോര്‍ട്ടലുകളുടെ പത്രാധിപര്‍. മലയാള മനോരമയില്‍ ചീഫ് സബ് എഡിറ്ററും ഇന്ത്യാ എബ്രോഡില്‍ ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററുമായിരുന്നു. കോട്ടയം പ്രസ് ക്ലബിന്റെ പ്രസിഡന്റുമായിരുന്നു.

തിളക്കമാര്‍ന്ന, സമഗ്രമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ പ്രവാസി സമൂഹത്തിനു നിര്‍ണായക സംഭാവനകള്‍ നല്കി ലോക മലയാളികള്‍ക്ക് സുപരിചിതനായ പ്രതിഭയാണ് ഡോ. കൃഷ്ണ കിഷോര്‍. അമേരിക്കയിലെ മുഖ്യധാര വാര്‍ത്തകളും, അമേരിക്കന്‍ മലയാളികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ലോകമെമ്പാടും എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഡോ. കൃഷ്ണ കിഷോര്‍, അമേരിക്കയിലെ മലയാളി ദൃശ്യ മാധ്യമ രംഗത്തെ 'പയനീര്‍' ആയാണ് അറിയപ്പെടുന്നത്.

ആകാശവാണിയില്‍ എണ്‍പതുകളുടെ അവസാനം വാര്‍ത്ത അവതാരകനായി തുടക്കമിട്ടു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും, ഏക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായി താരതമ്യങ്ങളില്ലാത്ത മികവു തെളിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല കൃഷ്ണ കിഷോറിനാണ്. അതുപോലെ മാതൃഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ കോളമിസ്‌റ് കൂടിയാണ് മാധ്യമപ്രവര്‍ത്തനത്തിന് ഇരുപതിലധികം അവാര്‍ഡുകള്‍ നേടി.

പ്രസ് ക്ലബിന്റെ സ്ഥാപകരിലൊരാളും ആദ്യ നാഷണല്‍ സെക്രട്ടറിയും പിന്നീട് നാഷനല്‍ പ്രസിഡന്റുമായിരുന്നു റെജി ജോര്‍ജ്. പ്രസ് ക്ലബ് കേരളത്തിലെ മാധ്യമ രംഗത്തുള്ള പ്രഗല്ഭരെ അവാര്‍ഡ് നല്കി ആദരിക്കുന്നത് ആരംഭിച്ചത് റെജി ജോര്‍ജാണ്. അത് ഇപ്പോഴും തുടരുന്നു. അമേരിക്കന്‍ മലയാളി, മലയാളി സംഗമം, എമെര്‍ജിംഗ് കേരള എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ മലയാളി ഡോട്ട് കോം പത്രാധിപര്‍. മലയാളത്തിന്റെ അക്ഷര തറവാടായ ഡി.സി.ബുക്‌സില്‍ നിന്നാണു എഴുത്തിന്റെ ലോകത്ത് എത്തിയത്.

പ്രസ് ക്ലബ് നാഷനല്‍ സെക്രട്ടറിയും നാഷനല്‍ പ്രസിഡന്റുമായിരുന്നു ടാജ് മാത്യു. പ്രസ്‌ക്ലബിന്റെ തുടക്കക്കാരിലൊരാള്‍. മലയാളം പത്രം, മലയാളം പത്രിക എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. മനോരമ പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയിലെത്തുന്നത്. കാല്‍ നൂറ്റാണ്ട് മലയാളം പത്രത്തിന്റെ എഡിറ്ററെന്ന നിലയില്‍ അമേരിക്കയിലെ മലയാളി ജീവിതത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ വ്യക്തിയാണ്.

സംഘടനാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഷോളി കുമ്പിളുവേലി എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമാണ്. ഇമലയാളിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.