ഫെയ്റ്റിവില്ല (അർക്കൻസാസ്): ഫെയ്റ്റിവില്ല പോലീസ് സ്റ്റേഷൻ പാർക്കിംഗ് ലോട്ടിൽ രാത്രി ഇരുളിന്റെ മറവിൽ പതിയിരുന്ന പ്രതിയുടെ ആക്രമണം. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
പോലീസ് സ്റ്റേഷന്റെ പുറകിൽ നിന്നും വെടിയൊച്ച കേട്ടാണ് രണ്ടു പോലീസ് ഓഫിസർമാർ പുറത്തിറങ്ങിയത്. ഇതിനിടയിൽ പട്രോൾ വാഹനത്തിൽ ഇരുന്നിരുന്ന പോലീസ് ഓഫിസർ സ്റ്റീഫന്റെ കാറിനു വെടിയേറ്റിരുന്നു. പോലീസ് തിരിച്ചു വെടിവച്ചതിനെ തുടർന്ന് ആയുധധാരിയായ ലണ്ടൻ ടി. ഫിലിപ്പ്സിനു (35) വെടിയേറ്റു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
രണ്ടുവർഷമായി ഫെയ്റ്റിവില്ല പോലീസ് സ്റ്റേഷനിൽ ഓഫിസറായി ജോലി ചെയ്തുകൊണ്ടിരുന്ന സ്റ്റീഫൻ സമർപ്പണ മനോഭാവമുള്ള ധീരനായ ഓഫിസറായിരുന്നുവെന്ന് ഫെയ്റ്റിവില്ല പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
എന്താണ് പ്രതിയെ വെടിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പൊലീസ് ഓഫിസർമാരെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. വാഷിംഗ്ടണ്‍ കൗണ്ടി ഷെറിഫ് ഓഫിസും എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
അർക്കൻസാസ് പോലീസ് സ്റ്റേഷനു മുന്നിൽ വെടിവയ്പ്പ്; അക്രമിയും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
10:14 PM Dec 09, 2019 | Deepika.com