അഡ്വ. ഗിരീഷ് കുമാർ നോർക്ക ലീഗൽ കൺസൾട്ടന്‍റ്

09:06 PM Nov 21, 2019 | Deepika.com
മസ്‌കറ്റ്: കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്‍റായി അഡ്വ. ഗിരീഷ് കുമാറിനെ തെരഞ്ഞെടുത്തു. മസ്‌കറ്റ് ആസ്ഥാനമായുള്ള ഹസന്‍ മുഹസിന്‍ അല്‍ ലവാത്തി ലീഗല്‍ സ്ഥാപനത്തിലെ സീനിയര്‍ അഭിഭാഷകനാണ് അഡ്വ. ഗിരീഷ്.

രണ്ടു പതിറ്റാണ്ടായി ഒമാനില്‍ നിയമ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഗിരീഷ് കുമാര്‍ ഇന്ത്യന്‍ എംബസിയുടെ ലീഗല്‍ എം പാനലിലെ ഉപദേശകൻ കൂടിയാണ്.

തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണ് നിയമ സഹായ സെല്‍. ജോലി സംബന്ധമായി മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതുവഴി നിയമ സഹായം ലഭിക്കുമെന്ന് അഡ്വ. ഗിരീഷ് പറഞ്ഞു.

കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം ലഭ്യമാക്കുക, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

വാർത്താസമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം പി എം ജാബിര്‍, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് കബീര്‍ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സേവ്യർ കാവാലം