കുവൈത്തിൽ ഷെയ്ഖ് സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ അധികാരമേറ്റു

08:25 PM Nov 20, 2019 | Deepika.com
കുവൈത്ത്‌ സിറ്റി : കുവൈത്തിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്‌ അധികാരമേറ്റു. അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹിനു മുന്നിൽ സത്യ പ്രതിജ്ഞ ചെയ്തതാണ് അദ്ദേഹം അധികാരമേറ്റത്.

1953 ൽ കുവൈത്തിൽ ജനിച്ച ഷെയ്ഖ് സബാഹ്‌ അൽ ഖാലിദ് കുവൈത്ത് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടര്‍ന്നു നയതന്ത്ര അറ്റാച്ചിയായി വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന അദ്ദേഹം പൊളിറ്റിക്കൽ ഡിപ്പാർട്ട്‌മെന്‍റ് അറബ് അഫയേഴ്‌സ് വിഭാഗത്തിൽ പ്രവർത്തിച്ചു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലേക്ക് കുവൈത്തിന്‍റെ സ്ഥിരം പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു . കുവൈത്തിന്‍റെ സൗദി അറേബ്യയിലെ അംബാസഡറായും ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോൺഫറൻസിന്‍റെ (ഒഐസി) പ്രതിനിധിയായും സബാഹ്‌ അൽ ഖാലിദ്‌ സേവനമനുഷ്ഠിച്ചു.

സാമൂഹ്യകാര്യ, തൊഴിൽ മന്ത്രിയായും വാർത്താ വിതരണ വകുപ്പ്‌ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. . നിലവിലെ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു .

ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ അമീർ ഇടപെട്ട് നീക്കിയ പശ്ചാത്തലത്തിലാണ് ഭാരിച്ച ഉത്തരവാദിത്തം സബാഹ് ഖാലിദ് അസബാഹിനു മേൽ വന്നുചേരുന്നത്. സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹ് പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ സബാഹ് അൽ ഖാലിദ് അസബാഹിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മന്ത്രിസഭ അടുത്ത ദിവസം ഉണ്ടാവുമെന്നാണ് സൂചന. നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇടംപിടിക്കുമെന്നും അതോടൊപ്പം പുതിയ മുഖങ്ങൾ ഉണ്ടാവുമെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ