കലാഭവൻ ജയനെ ആദരിച്ചു

08:38 PM Nov 18, 2019 | Deepika.com
ന്യൂജേഴ്സി: മിമിക്രി കലാരംഗത്ത് 25 വർഷം പിന്നിടുന്ന മിമിക്രി ആർട്ടിസ്റ്റും ഗായകനുമായ കലാഭവൻ ജയനെ കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി ആദരിച്ചു. കലാഭവൻ, ഹരിശ്രി തുടങ്ങി നിരവധി ട്രൂപ്പുകളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായ് ഒട്ടേറെ വേദികളിൽ ഇപ്പോഴും സജീവ സാനിധ്യമായ ജയന് ഫോക്കാന പ്രസിഡന്‍റ് മാധവൻ ബി നായർ മൊമെന്‍റോ നൽകി ആദരിച്ചു.

കേരള കൾച്ചർ ഫോറം പ്രസിഡന്‍റ് കോശി കുരുവിള അധ്യക്ഷത വഹിച്ചു. പേട്രൺ ടി എസ്. ചാക്കോ, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം ദേവസി പാലാട്ടി, ഫൊക്കാന നാഷണൽ കോഓർഡിനേറ്റർ പോൾ കറുകപ്പിളളി, ലൈസി അലക്സ്( ഫൊക്കാന വുമൻസ് ഫോറം ) ഷീല ജോസഫ്(ഫൊക്കാന വിമൻസ് ഫോറം) ജോയ് ചാക്കപ്പൻ,ഫിലിപ്പോസ് ഫിലിപ്പ്, ചിന്നമ്മ പാലാട്ടി തുടങ്ങിയവർ സംസാരിച്ചു.

നാടൻപാട്ടും ഗാനങ്ങളും ഫാമിലി ഗയിം ഷോയും ചാക്യാർകൂത്തും ഇടകലര്‍ത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ജയൻ വേദിയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയത്തിൽ രണ്ട് തവണ സ്വന്തം വീട് പൂർണമായി മുങ്ങി സർവവും നഷ്ടപ്പെട്ടപ്പോഴും നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പരിപാടികളുമായി ജയൻ ഓടിനടന്നു. "പ്രളയാനുഭവങ്ങൾ" അദ്ദേഹം ചാക്യാർകൂത്തിലൂടെ വേദികളിൽ അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നു.

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന കലാഭവൻ മണിയോടൊത്ത് അഞ്ഞൂറിലധികം വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി, ഇന്നസെന്‍റ്, സലിംകുമാർ, എൻ.എഫ്. വർഗീസ്, ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി, ടിനിടോം തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്ലവേഴ്സ് ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവതിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസങ്ങളായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ "മിമിക്സ് വൺമാൻ ഷോ" അവതരിപ്പിച്ച ജയൻ നാളെ കേരളത്തിലേക്ക് മടങ്ങിപ്പോകും

റിപ്പോർട്ട് : ജീമോൻ റാന്നി