റിയാദ്: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജഐൻയു) സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് കേളി കലാസാംസ്കാരിക വേദി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
യാതൊരു ചർച്ചയും കൂടാതെ ഹോസ്റ്റൽ ഫീസ് പല മടങ്ങ് വർധിപ്പിച്ചതിനെതിരെയും കാന്പസിനുള്ളിലെ വസ്ത്രധാരണച്ചട്ടത്തിനെതിരെയുമാണ് വിദ്യാർഥികൾ ഒക്ടോബർ മാസം മുതൽ സമരം ചെയ്യുന്നത്. എന്നാൽ സമരത്തോട് മുഖം തിരിച്ചു നിൽക്കുകയും സമരക്കാരെ ചർച്ചക്ക് പോലും വിളിക്കാത്ത വൈസ് ചാൻസലറുടെ ഏകാധിപത്യ നടപടികൾക്കെതിരെയാണ് വിദ്യാർഥികൾ സമരം കടുപ്പിച്ചിരിക്കുന്നത്. ഡൽഹി പോലീസിന്റെ മൃഗീയമായ രീതിയിലുള്ള മർദനമുറകളെ അവഗണിച്ചാണ് ഇടതുപക്ഷ അനുഭാവമുള്ള വിദ്യാർഥികൾ സമരത്തിൽ ഏർപ്പെട്ടിട്ടുള്ളത്.
സർവകലാശാലയിൽ പഠിക്കുന്ന പകുതിയിലധികം പേരും ദാരിദ്യ്രരേഖയ്ക്ക് താഴെ വരുമാനമുള്ള കുടുംബത്തിൽനിന്നുള്ളവരാണ്. ഫീസുകൾ കുത്തനെ കൂട്ടി പാവപ്പെട്ട വിദ്യാർഥികളെ പഠനത്തിൽ നിന്നും അകറ്റി, ഇടതുപക്ഷ അനുഭാവമുള്ള സർവകലാശാലയെ സംഘപരിവാറിന്റെ ചൊൽപ്പടിക്ക് നിർത്താനുള്ള ഗൂഡനീക്കങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും അത്തരം ശ്രമങ്ങൾക്കെതിരെ പോരാടുന്ന വിദ്യാർഥികൾക്ക് എല്ലാവിധ ധാർമ്മിക പിന്തുണയും നൽകുന്നതായി കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
സമരം ചെയ്യുന്ന ജഐൻയു വിദ്യാർഥികൾക്ക് കേളിയുടെ ഐക്യദാർഢ്യം
10:45 PM Nov 13, 2019 | Deepika.com