സിഫ് ഫുട്ബോൾ നവംബർ 15 ന്, ഫിക്‌സചർ പ്രകാശനം ചെയ്തു

09:04 PM Nov 09, 2019 | Deepika.com
ജിദ്ദ: പ്രവാസ ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്‍റായ സിഫ് - ഈസ് ടീ ചാമ്പ്യൻസ് ലീഗിന് നവംബർ 15 നു ജിദ്ദയിൽ തുടക്കമാകും. നാലു ഡിവിഷനുകളിലായി 31 ക്ലബുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് മൂന്നര മാസക്കാലം നീണ്ടു നിൽക്കും. ജിദ്ദയിൽ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

ടൂർണമെന്‍റിന്‍റെ ഫിക്‌സചർ പ്രകാശനം ജിദ്ദയിലെ ഒപേറാ ഹാളിൽ നടന്നു. ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാൻ നവാസ് മീരാൻ മുഖ്യാതിഥിയായ ചടങ്ങിൽ ജലീൽ ട്രേഡിംഗ് കമ്പനി എംഡി മുഹമ്മദ് ഷമീർ, സാമൂഹിക, കലാ സാംസ്‌കാരിക, വിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ പങ്കെടുത്തു.

ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദ്അലി വിപി, അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, ജലീൽ ട്രേഡിംഗ് കമ്പനി എംഡി മുഹമ്മദ് ഷമീർ, അൽ അറബി സ്വീറ്റ്‌സ് മാനേജിംഗ് പാർട്ടണർ നൗഷാദ്, കെ.പി മുഹമ്മദ് കുട്ടി, കെ.ടി.എ മുനീർ, ഷിബു തിരുവനന്തപുരം, സാദിഖ് പാണ്ടിക്കാട്, സിഫിന്‍റെ മുഖ്യ ഉപദേശകൻ വി.കെ.എ റഹൂഫ്, വൈസ് പ്രസിഡന്‍റുമാരായ നിസാം മമ്പാട്, അയൂബ് മുസ്ലിയാരകത്, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ വൈസ് ചെയർമാൻ അലി മുഹമ്മദ് അലി, മുൻ പ്രസിഡന്‍റ് ഹിഫ്‌സുറഹ്മാൻ , മീഡിയ ഫോറം സെക്രട്ടറി കബീർ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സിഫിന് പ്രത്യകം തയാറാക്കിയ ബോളുകൾ ആയിഷ ദിൽഷാന , ഫാത്തിമ ദിൽഫാ എന്നിവരിൽ നിന്നും സിഫ് പ്രസിഡന്‍റ് ബേബി നീലാമ്പ്രയും നവാസ് മീരാനും ചേർന്നു ഏറ്റു വാങ്ങി. തുടർന്നു സിഫ് ചാമ്പ്യൻസ് ട്രോഫി സിനി സാഗറിൽ നിന്നും ഏഷ്യാറ്റിക് സ്പോർട്സ് ക്ലബിന്‍റെ ഗോൾകീപ്പറും ഇന്ത്യൻ സ്‌കൂൾ ഫുട്ബാൾ ടീം കോച്ചുമായ കബീറുളള അരീക്കോട് ഏറ്റു വാങ്ങി.

1995 രൂപം കൊണ്ട സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം രജത ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ ടൂൺമെന്‍റിനായി വിപുലമായ തയാറെടുപ്പുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്റ്റേഡിയത്തിൽ അവസാന വട്ട പണികൾ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു.

സിഫ് പ്രസിഡന്‍റ് ബേബി നീലാമ്പ്ര അധ്യക്ഷനായ പരിപാടികൾ സിഫ് സെക്രട്ടറിമാരായ അൻവർ വല്ലാഞ്ചിറ, നാസർ ഫറോക്ക്, സലാം കാളികാവ് എന്നിവരോടൊപ്പം അൻവർ കരിപ്പ, ഷഫീഖ് പട്ടാമ്പി, കെ.സി. മൻസൂർ, കെസി ശരീഫ് തുടങ്ങിയവർ നിയന്ത്രിച്ച പരിപാടിയിൽ പ്രിയ രാജേഷ് അവതാരകയായിരുന്നു. മിർസ ശരീഫ്, ജമാൽ പാഷ, സോഫിയ സുനിൽ തുടങ്ങിയവർ ആലപിച്ച ഗാനങ്ങളും ബെന്നി തോമസ് നയിച്ച ജെബി ബാൻഡിന്‍റെ വെസ്റ്റേൺ മ്യൂസിക്കൽ പരിപാടിയും പരിപാടിക്ക് മാറ്റു കൂട്ടി. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ വസീം ഇർഷാദ്, ഫഹീം എന്നിവർ ഫിക്ച്ചർ ഡ്രോയിൽ പങ്കാളികളായി. ഷബീർ അലി സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ