മയാമി സംഘമിത്രയുടെ നാടകം "കുരുത്തി' ഒരവലോകനം

07:07 PM Nov 09, 2019 | Deepika.com
മയാമി: വികസനത്തില്‍ വിഷംകലര്‍ത്തുന്ന കപട രാഷ്ട്രീയ നേതാക്കളും അതിലൂടെ അനാഥമാക്കപ്പെടുന്ന കുറെ ജീവിതങ്ങളുടേയും കഥപറയുന്ന മയാമി സംഘമിത്രയുടെ "കുരുത്തി' എന്ന നാടകം അമേരിക്കന്‍ മലയാളികളുടെ നാടകസങ്കല്പങ്ങള്‍ക്ക് ഊര്‍ജം പകരുക തന്നെ ചെയ്തു.

ഹേമന്തകുമാറിന്റെ രചനാവൈഭവം ആയിരുന്നു നാടകത്തിന് ഊടും പാവും നല്‍കിയത്. ഫ്‌ളോറിഡയില്‍ നിന്നുമുള്ള അമ്പതോളം കലാകാരന്മാര്‍ മയാമി സംഘമിത്രയുടെ ബാനറില്‍ അനുഗ്രഹീത കലാകാരന്മാരായ നോയല്‍ മാത്യുവിന്റേയും ജോയ് കുറ്റിയാനിയുടേയും നേതൃത്വത്തില്‍ നാടകത്തിനു നിറശോഭ പകര്‍ന്നു.

രാഷ്ട്രീയ നിഷ്കളങ്കതയുടെ കബന്ധങ്ങള്‍ കെട്ടിപ്പിടിച്ച് വിലപിക്കുന്ന കുറെ മനുഷ്യരുടെ കഥയാണിത്.സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്ക് പോകാന്‍ വെമ്പുന്ന വെമ്പുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടിലതന്ത്രജ്ഞനായ നേതാവിനു മുന്നില്‍ ഈയാംപാറ്റകളെപോലെ വെന്തെരിയപ്പെടുന്നു. ഹൃദയധമനികളുടെ ലഘുസ്പന്ദനങ്ങള്‍ പോലും അളക്കാവുന്ന രീതിയിലുള്ള നിരവധി വൈകാരിക മുഹൂര്‍ത്തനങ്ങളിലൂടെയാണ് നാടകം കടന്നുപോകുന്നത്.

എണ്ണമറ്റ രാഷ്ട്രീയ ചരിത്രമുന്നേറ്റങ്ങളാല്‍ ശ്രദ്ധേയരാവരുടെ പിന്നാമ്പുറങ്ങള്‍....ഈ സാംസ്കാരിക മുന്നേറ്റത്തിന്‍റെ മറ്റൊരു പൊയ്മുഖം അനാവരണം ചെയ്യപ്പെടുകയാണിവിടെ.

ഈ നാടകത്തില്‍ ശബ്ദമില്ലാത്തവരുടെ തേങ്ങലുകളുണ്ട്. നിറമുള്ളവരുടേയും, ഇല്ലാത്തവരുടേയും ജീവിതങ്ങളുമുണ്ട്. കത്തിയമരുന്ന പുകയും തീക്ഷണതയുമുണ്ട്.

മത്സ്യങ്ങളെ കുരുക്കില്‍പ്പെടുത്തി കൂടയിലാക്കുന്നതിനുള്ള ഉപകരണമാണ് "കുരുത്തത്തി. സമകാലിക രാഷ്ട്രീയത്തിന്റെ പ്രമാണിമാര്‍ വിമോചനത്തിന്റെ പൊന്‍പുലരി പ്രതീക്ഷിക്കുന്ന സാധുക്കളായ അണികളെ തന്റെ കുരുത്തിയിലേക്ക് അവര്‍ പോലും അറിയാതെ ആകര്‍ഷിച്ച് എടുക്കുകയാണിവിടെ.

നേതാവിന്‍റെ അഴിമതിയുടെ തെളിവുകള്‍ ഒന്നൊന്നായി പിന്നീട് അനാവരണം ചെയ്യപ്പെടുന്നു. തുടര്‍ന്ന് അതിവിചിത്രമായ പല സംഭവങ്ങളും അരങ്ങേറുന്നു.

രണ്ടാം പകുതിയിലായിരുന്നു നാടകത്തിന്റെ ട്വിസ്റ്റുകള്‍ മുഴുവന്‍ ഒളിച്ചിരിക്കുന്നത്. വില്ലന്‍ ആരെന്നറിയാതെ പ്രേക്ഷകര്‍ കുഴഞ്ഞുപോകുന്ന അവസ്ഥ. അഴിമതിക്കും അനീതിക്കും എതിരേ ക്ഷോഭിക്കുന്ന, പ്രതികരിക്കുന്ന യുവത്വത്തിന്റെ കഥകൂടിയാണിത്.

മിന്നുന്ന പ്രകടനമാണ് എല്ലാ നടീനടന്മാരും കാഴ്ചവെച്ചത്. ഡയലോഗുകള്‍ മനപാഠമാക്കാന്‍ എല്ലാവരും ശ്രമിച്ചു. അതുതന്നെയാണ് നാടകത്തിനു ഇത്രയ്ക്ക് സ്വീകാര്യത ലഭിക്കുവാന്‍ കാരണമായത്.

നടീനടന്മാരുടെ ശാരീരിക ഭാഷയും, വേഷപ്പകര്‍ച്ചയും, സ്വരമാധുരിയും ഈ ദൃശ്യകലയെ വേറിട്ടൊരു അനുഭവമാക്കി. ഒക്‌ടോബര്‍ 10-ന് ആയിരുന്നു മയാമി കൂപ്പര്‍ സിറ്റി ഓഡിറ്റോറിയത്തില്‍ വച്ചാണ് നാടകം അരങ്ങേറിയത്.

കലാകാരന്മാരും, അണിയറ ശില്പികളും: