മെക്സിക്കോ അതിർത്തിയിൽ അക്രമണം; ഒൻപത് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടു

04:10 PM Nov 06, 2019 | Deepika.com
ന്യൂയോർക്ക്: മെക്സിക്കോ അരിസോണ അതിർത്തിയിൽ മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവർക്കു നേരെ മയക്കുമരുന്നു സംഘം വെടിവച്ചതിനെ തുടർന്നു മൂന്നു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ ഒന്പതു പേർ കൊല്ലപ്പെട്ടു. ആറു കുട്ടികൾ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കു പരിക്കേറ്റുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

മെക്സിക്കൻ മിലിട്ടറിയാണ് നോർത്തേൺ മെക്സിക്കോയിൽ നടന്ന സംഭവത്തിന് സ്ഥിരീകരണം നൽകിയത്. എട്ടു മാസം പ്രായമുള്ള ഇരട്ടകുട്ടികളും മൂന്നു സ്ത്രീകളും നാലു കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

നവംബർ 4 ന് സൊനാറ സംസ്ഥാനത്തു നിന്നും ചിഹുവ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നതിനിടെ രാവിലെ 9.30 നും ഒരു മണിക്കും ഇടയിലാണ് വെടിവയ്പ്പ് ഉണ്ടായത്. സൊനാറായിൽ താമസിച്ചിരുന്ന മോർമൺ കമ്യൂണിറ്റിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഒൻപതു പേർക്കും മെക്സിക്കൊ- യുഎസ് ഇരട്ട പൗരത്വമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. വാഹനത്തിനു നേരെ തുടർച്ചയായി വെടിവച്ചതിനെ തുടർന്നു തീപിടിക്കുകയും കാറിലുണ്ടായിരുന്നവർ അഗ്നിക്ക് ഇരയാകുകയുമായിരുന്നു. മയക്കു മരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിനിടയിൽ അറിയാതെ ഇവർ കൊല്ലപ്പെടുകയായിരുന്നോ അതോ ഇവരെ ലക്ഷ്യമിട്ട് അക്രമണം നടത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ