അഹല്യ മെഡിക്കൽ ഗ്രൂപ്പും അഹല്യ മണിഎക്സ്ചേഞ്ചും വേർപിരിഞ്ഞു

10:13 PM Nov 05, 2019 | Deepika.com
അബുദാബി : അഹല്യ മെഡിക്കൽ ഗ്രൂപ്പും അഹല്യ മണിഎക്സ്ചേഞ്ചും തമ്മിലുള്ള ബന്ധം വേർപിരിഞ്ഞു. ഇതോടെ അഹല്യ മണി എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന്‍റെ ദൈനം ദിന പ്രവർത്തനങ്ങളിലോ, മാനേജ്‌മെന്‍റ് തലത്തിലോ ഇനി മുതൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിന് യാതൊരുവിധ പങ്കാളിത്വവുമില്ലെന്ന് അധികൃതർ അറിയിച്ചു .

മണിഎക്സ്ചേഞ്ചിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നടന്ന നിയമ തർക്കങ്ങളിൽ അന്തിമ വിധി പ്രഖ്യാപിച്ച അബുദാബി കോടതി എക്സ്ചേഞ്ചിന്‍റെ ഭരണം റിസീവർക്ക് കൈമാറിയതോടെയാണ് ധനവിനിമയ രംഗത്തു നിന്നും പിന്മാറാൻ മെഡിക്കൽ ഗ്രൂപ്പ് തീരുമാനിച്ചതെന്ന് മാനേജ്‌മെന്‍റ് പ്രതിനിധികൾ അറിയിച്ചു.

ഡോ.വി.എസ്. ഗോപാലിന്‍റെ നേതൃത്വത്തിൽ 1981 മുതൽ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അഹല്യ ഗ്രൂപ്പ് 1996 ലാണ് അഹല്യ മണിഎക്സ്ചേഞ്ച് എന്ന പേരിൽ പുതിയ സംരംഭം ആരംഭിച്ചത് .ആതുരസേവന രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ സൗകര്യങ്ങളെ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി മുൻഗണന നൽകുകയെന്ന് പ്രതിനിധികൾ അറിയിച്ചു .

അതേസമയം അഹല്യ ഗ്രൂപ്പിനു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഹല്യ ഫിനാൻഷ്യൽ സർവീസ് എന്ന സ്ഥാപനത്തിന്‍റെ പ്രവർത്തനം തുടരുമെന്നും അറിയിച്ചു .

വാർത്താസമ്മേളനത്തിൽ മാനേജ് പ്രതിനിധികളായ സൂരജ് പ്രഭാകരൻ ഉമേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള