റിക് മേത്ത ന്യുജേഴ്സിയിൽ നിന്നും സെനറ്റിലേക്ക് മത്സരിക്കും

07:35 PM Oct 23, 2019 | Deepika.com
ന്യു ജേഴ്സി: യുഎസ് സെനറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ന്യുജേഴ്സിയിൽ നിന്നു മൽസരിക്കുമെന്ന് ഇന്ത്യൻ അമേരിക്കൻ അറ്റോർണി റിക് മേത്ത അറിയിച്ചു. ജൂൺ രണ്ടിനാണ് പ്രൈമറി തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായിട്ടാണ് റിക്ക് മേത്ത മത്സരിക്കുക.

ഇതിനകം നാലു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ ഈ സീറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഒരു സ്ഥാനാർഥി പോലും ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും മത്സരിക്കുവാൻ മുന്നോട്ടു വന്നിട്ടില്ല. ഡമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ കോറി ബുക്കർ പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിനുവേണ്ടി മത്സരിക്കുന്നതിനാൽ ഒഴിവുവന്ന സീറ്റിലേക്കാണ് റിക് മേത്ത മത്സരിക്കാൻ ഒരുങ്ങുന്നത്. കോറി ബുക്കർ രാജ്യം മുഴുവൻ കറങ്ങുന്നതിനാൽ നിലവിൽ ന്യുജേഴ്സി അനാഥമായിരിക്കുകയാണെന്നാണ് റിക് മേത്തയുടെ വാദം.

ഹെൽത്ത് കെയർ ഇൻഡസ്ട്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മേത്ത, അറ്റോർണി മാത്രമല്ല ഒരു തെറാപിസ്റ്റു കൂടിയാണ്. ജോർജ് ടൗൺ യൂണിവേഴ്സിറ്റി ലൊ സെന്‍ററിൽ അസിസ്റ്റന്‍റ് പ്രഫസറുകൂടിയാണ് റിക് മേത്ത.

റിപ്പോർട്ട്: പി.പി. ചെറിയാൻ