പ്രചാരണരംഗത്ത് ആവേശത്തിരയൊരുക്കി 'ടീം ടോം വര്‍ഗീസ്'

12:38 PM Oct 18, 2019 | Deepika.com
ടൊറന്റോ: കാനഡയില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ആവേശത്തിരയൊരുക്കി മലയാളി സ്ഥാനാര്‍ഥി ടോം വര്‍ഗീസും പ്രവര്‍ത്തകരും. പ്രചാരണം അവസാനമണിക്കൂറുകളിലേക്ക് കടക്കുന്‌പോള്‍ വന്‍ മുന്നേറ്റത്തിനുള്ള ഒരുക്കങ്ങളിലാണ് ടീം ടോം വര്‍ഗീസ്. മാള്‍ട്ടണ്‍മിസ്സിസാഗ റൈഡിങ്ങിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ടോം. സ്ഥാനാര്‍ഥികളിലെ ഏക മലയാളി എന്ന നിലയിലും മലയാളി സംഘടനകളും പ്രവര്‍ത്തകരുമൊക്കെ ടോമിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കക്ഷിഭേദമന്യെ ആവേശംപകരാന്‍ എത്തുന്നു. കഴിഞ്ഞ ആഴ്ച ഏര്‍ളി വോട്ടിങ് ദിവസങ്ങളില്‍ കണ്ട ആവശം തിരഞ്ഞെടുപ്പ് ദിവസവും ഉറപ്പിക്കുന്നതിനുള്ള ഓട്ടത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും.

റൈഡിങ്ങിലെ വിവിധ കമ്യൂണിറ്റികളുടെ പിന്തുണയിലാണ് ടോം വര്‍ഗീസിന്റെ പ്രതീക്ഷ. ഫെഡറല്‍ മന്ത്രികൂടിയായ എതിരാളി മണ്ഡലത്തില്‍ ഏറെസമയം ചെലവഴിച്ചിട്ടില്ലെന്നാണ് വോട്ടര്‍മാരെ കാണുമ്പോള്‍ മനസിലാക്കാനാകുന്നതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് അനുകൂല ഘടകമാകുമെന്നും വോട്ട് ആയി മാറുമെന്നുള്ള ശുഭപ്രതീക്ഷയിലുമാണ് ഇവര്‍.

മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ടോമിന് കൈമുതലായുണ്ട്. മണ്ഡലത്തില്‍ ആയിരത്തോളം മലയാളി വോട്ടര്‍മാരെ ഉള്ളൂ എങ്കിലും നാനാഭാഗത്തുനിന്നുമുള്ള സംഘടനാ, സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രചാരണരംഗത്ത് ടോമിന് മുന്‍കൈ നല്‍കുന്നു. സ്‌കാര്‍ബ്രോ, മാര്‍ക്കം മേഖലകളില്‍നിന്നു പുറമെ നയാഗ്രയില്‍നിന്നു പോലും വളന്റിയര്‍ സംഘം ടോം വര്‍ഗീസിന് പിന്തുണയുമായി എത്തി. റൈഡിങ്ങിലെ നാല്‍പതിനായിരത്തോളം വീടുകളും 'ഡോര്‍ നോക്കിങ്' നടത്താനായതും ഈ പിന്തുണകൊണ്ടുതന്നെയാണ്. ഈ ആവേശവും വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടല്‍. അടുക്കും ചിട്ടയായ പ്രചാരണം മണ്ഡലത്തിലെങ്ങും സാന്നിധ്യം ഉറപ്പിക്കുന്നതിനു വഴിയൊരുക്കി.

ഏഷ്യന്‍ വംശജര്‍ക്ക് സ്വാധീനം ഏറെയുള്ള മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ ചൈനീസ്, വിയറ്റ്‌നമീസ്, ഫിലീപ്പീന്‍സ് കൂട്ടായ്മകളുടെ പിന്തുണയിലും പ്രതീക്ഷ അര്‍പ്പിക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ടോം വര്‍ഗീസും. ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വോട്ടര്‍മാരെ കേന്ദ്രീകരിച്ചും തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. ഇവിടങ്ങളില്‍നിന്നെല്ലാമുള്ള വളന്റിയര്‍മാരുണ്ടെന്നതാണ് അനുകൂലമായ മറ്റൊരു ഘടകം. ജയിംസ് വിന്‍ ആണ് ക്യാംപെയന്‍ മാനേജര്‍. കോചെയര്‍മാരായ അലക്‌സ് പാസിസ്, ഫാറൂഖ് ബെയ്ഗ് തുടങ്ങിയവരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സജീവം. പൊതു പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രണ്ടാംറൌണ്ട് കൊഴുപ്പിക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ടും ഫോണിലൂടെ സഹകരണം അഭ്യര്‍ഥിച്ചും വോട്ട് വിഹിതം കൂട്ടാനുള്ള തിരക്കില്‍.

കനേഡിയന്‍ ജനതയുടെ കാത്തിരിപ്പ് ജസ്റ്റിന്‍ ട്രൂഡോ തുടരുമോ അതോ ആന്‍ഡ്രൂ ഷീയര്‍ വരുമോ, അതുമല്ല ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് വരുന്നതെങ്കില്‍ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ് നയിക്കുന്ന എന്‍ഡിപിയുടെ റോള്‍ എന്താകും എന്നൊക്കെയാണ്. ലാവലിന്‍ വിവാദവും കാര്‍ബണ്‍ ടാക്‌സും നികുതികളും ക്ഷേമപദ്ധതികളും തുടങ്ങി നേതാക്കന്മാരുടെ പൂര്‍വകാല ചെയ്തികളുമെല്ലാം തിരഞ്ഞെടുപ്പ് വേദികളില്‍ ഉയരുന്നു. ട്രൂഡോയുടെ നിലപാടുകളെ കാനഡ അംഗീകരിക്കുന്നുണ്ടോ, അതോ പുതിയ നേതൃത്വമോ എന്നൊക്കെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മലയാളികളെ സംബന്ധിച്ച് ഈ പൊതുതിരഞ്ഞെടുപ്പ് നിര്‍ണായകമാകുന്നത് കനേഡിയന്‍ രാഷ്ട്രീയത്തില്‍ പുതിയ സാന്നിധ്യമാകാന്‍ ടോം വര്‍ഗീസിലൂടെ സാധിക്കുമോ എന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം