"മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ'

04:53 PM Oct 16, 2019 | Deepika.com
കുവൈത്ത്: വെറുപ്പും വിദ്വേഷവും വർധിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് കാരുണ്യത്തിന്‍റേയും സ്നേഹത്തിന്‍റേയും ഉറവിടമായ പ്രവാചക അധ്യാപനങ്ങളുടെ കാലിക പ്രസക്തി വിളംബരം ചെയ്തുകൊണ്ട് കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി കാമ്പയിൻ സംഘടിപ്പിക്കുന്നു.

"മുഹമ്മദ് നബി കാലം തേടുന്ന വിമോചകൻ' എന്ന തലക്കെട്ടിൽ നടക്കുന്ന പ്രചാരണ കാമ്പയിൻ നവംബർ 1 മുതൽ തുടങ്ങി 15 വരെ നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ, സൗഹൃദ സംഗമങ്ങൾ, ഓൺലൈൻ ക്വിസ് മത്സരം, പ്രവാചക കീർത്തന മത്സരം,എക്‌സിബിഷൻ, സമാപന സമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും.

ഏരിയ തലങ്ങളിൽ നടക്കുന്ന സൗഹൃദ സംഗമങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള മുഖ്യാതിഥിയായിരിക്കും. നവംബർ 15 നു നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ വാഗ്‌മിയും മോട്ടിവേഷൻ ട്രെയിനറുമായ പി.എം.എ ഗഫൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള എന്നിവർ പങ്കെടുക്കും. കാമ്പയിൻ വിജയത്തിനായി എം.കെ. നജീബ് ജനറൽ കൺവീനറായും അബ്ദുൽ ബാസിത് അസിസ്റ്റന്‍റ് കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി നൈസാം, അബ്ദുൽ റസാഖ് നദ്‍വി, ഫിറോസ് ഹമീദ്, സി.കെ. നജീബ്, പി.ടി. ഷാഫി, റഫീഖ് ബാബു, അൻവർ സയിദ്, അബ്ദുൽ ഹമീദ്, കെ.എം അൻസാർ, മെഹ്‌നാസ്, അംജദ്, ജംഷീർ എന്നിവരെ തെരഞ്ഞെടുത്തു.

സാൽമിയ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത എക്‌സിക്യൂട്ടീവ് യോഗത്തിൽ വൈസ് പ്രസിഡന്‍റ് ഫൈസൽ മഞ്ചേരി, ട്രഷറർ എസ്.എ.പി. ആസാദ് എന്നിവർ പങ്കെടുത്തു. കെഐജി പ്രസിഡന്‍റ്സക്കീർ ഹുസൈൻ തുവൂർ അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ