എഡിസൻ, ന്യുജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മലയാളി അസോസിയേഷുള്ള പുരസ്കാരം മങ്ക മുൻ പ്രസിഡന്റ് സജൻ മൂലേപ്ലാക്കൽ, മുൻ സെക്രട്ടറി സുനിൽ വർഗീസ് എന്നിവർ മന്ത്രി കെ.ടി. ജലീലിൽ നിന്നു ഏറ്റുവാങ്ങി.
മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ് കാലിഫോർണിയയുടെ മികച്ചപ്രവർത്തനങ്ങൾ സമൂഹം അംഗീകരിക്കുന്നു എന്നതിനു തെളിവായി ഈ പുരസ്കാരം.
സാൻഫ്രാൻസിസ്ക്കോ ബേ ഏരിയയിൽ കഴിഞ്ഞ 37 വർഷമായി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടന കേരളത്തിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നിൽ തന്നെയുണ്ട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ലക്ഷത്തിലധികം ഡോളറാണ് മങ്ക നൽകിയത്.
അന്പതിനായിരം ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടും ശേഷിച്ച അന്പതിനായിരം ഡോളർ കൊണ്ട് ഫോമതണൽ എന്നീ പ്രസ്ഥാനങ്ങളിലൂടെ ആറു വീടുകൾ നിർമ്മിച്ചും നൽകി. ഇതിനു പുറമേ ഫൊക്കാന ഭവനം പദ്ധതിയിലൂടെ മൂന്നു വീടുകളും നിർമ്മിച്ചു നൽകി.
വോളിബോൾ ടൂർണമെന്റ്, കർഷകശ്രീ തുടങ്ങി വ്യത്യസ്തമായ പരിപാടികളിലും സജീവമായി പ്രവർത്തിക്കുന്നു. സാമൂഹ്യപ്രവർത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യ പ്രവർത്തനമികവ്, പിറന്ന നാടുമായുള്ള ബന്ധം, കർമ്മഭൂമിയിലെ പ്രവർത്തനചാതുര്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച നോമിനേഷന്റെ പേരിലാണ് മങ്കയെ തെരഞ്ഞെടുത്തത്.
പ്രമുഖ പത്രപ്രവർത്തകനും കോളമിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ ജോർജ് തുന്പയിൽ ചെയർമാനായ ജൂറിയിൽ മികച്ച സംഘടനാ നേതാക്കളായ കൊച്ചിൻ ഷാജി (മുൻ ഫോമ ജനറൽ സെക്രട്ടറി), ഫിലിപ്പോസ് ഫിലിപ്പ് (മുൻ ഫൊക്കാന ജനറൽ സെക്രട്ടറി) എന്നിവരും അംഗങ്ങളായിരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മികച്ച സംഘടനക്കുള്ള അവാർഡ് മങ്ക ഏറ്റുവാങ്ങി
10:49 PM Oct 15, 2019 | Deepika.com