ഹൂസ്റ്റണിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ ഫോമയുടെ പ്രഥമ ട്രഷറർ എം. ജി. മാത്യു, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനു നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സൗത്ത്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹൂസ്റ്റണിലെ നിരവധി സംഘടനകളെ പ്രതിനിധീകരിച്ചുള്ള നേതാക്കൾ പങ്കെടുത്തു. അനവധി ഡിസ്കൗണ്ടുകൾ അടങ്ങിയ, കണ്വൻഷൻ രെജിസ്ട്രേഷന്റെ ഏർലി ബേർഡ് ഡിസ്കൗണ്ട് പാക്കജുകൾ ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്.
ഹൂസ്റ്റണിലെ ഗാൽവസ്റ്റണിൽ നിന്നും പുറപ്പെടുന്ന കപ്പലിൽ, അഞ്ചു പകലും, നാലു രാത്രിയും വിവിധ പരിപാടികളോടെ കുടുംബസമേതം ചെലവിടാൻ പറ്റുന്ന രീതിയിലാണ് കണ്വെൻഷൻ ക്രമീകരിച്ചിരിക്കുന്നതെന്ന് ചാമത്തിൽ വിശദീകരിച്ചു.
കേരളത്തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും ഭക്ഷണവും, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പരിപാടികളും കോർത്തിണക്കി ഒരു കുടുംബസമേതമുള്ള വെക്കേഷൻ പാക്കേജാണ് ഇത്തവണത്തെ ഫോമാ കണ്വെൻഷൻ എന്നു കണ്വൻഷൻ ചെയർമാനായ ബിജു തോമസ് ലോസോണ്‍ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി ചേർന്ന ഫോമായുടെ നാഷണൽ കമ്മിറ്റി യോഗം കപ്പലിൽ ഒരു കണ്വെൻഷൻ എന്ന ആശയത്തെ സ്വാഗതം ചെയ്തിരുന്നു.
കപ്പലിൽ ഒരു കണ്വെൻഷൻ എന്ന ആശയത്തിനു എല്ലാവിധ പിന്തുണയും നൽകിയ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളോടും ഫോമയുടെ സുഹൃത്തുക്കളോടും ഉള്ള നന്ദി പ്രസിഡണ്ട് ഫിലിപ് ചാമത്തിൽ ചടങ്ങിൽ പ്രത്യേകമായി അറിയിച്ചു. കണ്വൻഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലൂടെയും അല്ലാതെയുമുള്ള സാങ്കേതികമായ കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. 2018-2020 കമ്മിറ്റി ഒരുക്കുന്ന ഈ ക്രൂസ് കണ്‍വെൻഷന്റെ വിജയത്തിനായി അമേരിക്കൻ മലയാളികൾ മാത്രമല്ല, ഫോമായെ സ്നേഹിക്കുന്ന ലോകത്തുള്ള എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി നേതാക്കൾ അറിയിച്ചു.
ഫോമയുടെ നിരവധി പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ കണ്വൻഷൻ വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ സ്വാഗതവും നാഷണൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ നന്ദിയും പറഞ്ഞു. ഡോ. സാം ജോസഫ്, ബാബു മുല്ലശേരി, മാത്യു മുണ്ടക്കൻ, ജിജു കുളങ്ങര തുടങ്ങിയവർ കിക്കോഫ് മീറ്റിംഗിന് നേതൃത്വം നൽകി.
റിപ്പോർട്ട് : ഡോ. സാം ജോസഫ്