റിയാദ്: റിയാദിൽ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട അഹമ്മദ് മേലാറ്റൂരിനെ നവോദയ അനുസ്മരിച്ചു. 2017-ൽ അദ്ദേഹം റിയാദിൽ വെച്ച് മരണപ്പെടുന്പോൾ നവോദയ ജോയിന്റ് സെക്രട്ടറിയായിരുന്നു.
റിഫ സാംസ്കാരിക വേദിയിൽ പ്രവർത്തിച്ചാണ് മലപ്പുറം നിലന്പൂർ സ്വദേശിയായ അഹമ്മദ് പൊതുരംഗത്തേക്ക് വരുന്നത്. നവോദയ രൂപീകരിച്ചതോടെ സംഘടനയിൽ അംഗമാകുകയും അതിന്റെ സാംസ്കാരിക വിഭാഗം കണ്‍വീനർ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു സംഘടനയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു. 2017 ഒക്ടോബർ 11 നു ഹൃദയാഘാതത്തെ തുടർന്ന് ശുമേസി കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വായനാ തൽപരനായിരുന്ന അഹമ്മദ് സോഷ്യൽ സൈറ്റുകളിൽ എഴുതിയിരുന്ന കവിതകളിലൂടെയും ശ്രദ്ധേയനായിരുന്നു. അഹമ്മദിന്റെ ഭാര്യ ഖമറുന്നിസ അഹമ്മദും നവോദയ മഹിളാസംഘം ഭാരവാഹിയായിരുന്നു.
അഹമ്മദ് മേലാറ്റൂർ അനുസമരണയോഗം നവോദയ കേന്ദ്രകമ്മിറ്റി അംഗം ഹക്കീം മാരാത്ത് ഉദ്ഘാടനം ചെയ്തു. അനിൽ മണന്പൂര് അധ്യക്ഷനായിരുന്നു. സജീർ മേലാറ്റൂരിന്റെ പ്രവർത്തനങ്ങളെ വിവരിക്കുന്ന അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ശ്രീരാജ്, അനിൽ പിരപ്പൻകോട്, പൂക്കോയ തങ്ങൾ, അൻവാസ്, ഹേമന്ത്, പപ്പേട്ടൻ, ബാബുജി, ബാലകൃഷ്ണൻ, മനോഹരൻ, കലാം, ബഷീർ, സുരേഷ് സോമൻ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: കുമിൾ സുധീർ
അഹമ്മദ് മേലാറ്റൂരിനെ നവോദയ അനുസ്മരിച്ചു
11:24 PM Oct 14, 2019 | Deepika.com