"ഫോക്കസ് 2019' അന്താരാഷ്ട്ര യുവജനസംഗമം സെപ്റ്റംബർ 28 ന്

10:29 PM Sep 23, 2019 | Deepika.com
മിസിസാഗ : സീറോ മലബാർ എപ്പാർക്കിയുടെ യുവജന പ്രസ്ഥാനമായ യൂത്ത് അപ്പസ്തോലേറ്റിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര യുവജനസംഗമത്തിന് കാനഡ വേദിയാകുന്നു. കാനഡയിലെ ഏറ്റവും വലിയ യുവജനസംഗമങ്ങളിൽ ഒന്നായ "ഫോക്കസ് 2019" സെപ്റ്റംബർ 28 ന് (ശനി) സ്കാർബറോയിൽ ആണ് നടത്തപ്പെടുന്നത്.

കാനഡയിലൂടനീളം വ്യാപിച്ചുകിടക്കുന്ന ഇടവകകളിൽ നിന്നും മിഷൻ കേന്ദ്രങ്ങളിൽനിന്നുമുള്ള യുവജനങ്ങൾ, ഇന്‍റർ നാഷണൽ സ്റ്റുഡൻസ് ,കാനഡയിൽ ജനിച്ചു വളർന്ന യുവതീയുവാക്കൾ , യുവദമ്പതികൾ ,യുവ അല്‌മായ നേതാക്കൾ,വൈദികർ തുടങ്ങിയവരുടെ സാന്നിധ്യം "ഫോക്കസ്" 2019 -ന് മാറ്റുകൂട്ടും.

എപ്പാർക്കി ഓഫ് മിസിസാഗയുടെ യുവജനകത്തോലിക്കാപ്രസ്ഥാനമായ എസ്എംവൈഎമ്മിന്‍റെ പ്രവർത്തനങ്ങൾക്ക് വലിയ ഉണർവ്വ് പ്രദാനം ചെയ്യുമെന്ന് കരുതപ്പെടുന്ന സംഗമം സീറോ മലബാർ കത്തോലിക്കാസഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാകുമെന്ന് സംശയമില്ല .

യുവജനങ്ങളിൽ ക്രിസ്തു കേന്ദ്രികൃതമായ കൂട്ടായ്മയും ഐക്യവും ബലപ്പെടുത്തുന്നതോടൊപ്പം
മൂല്യബോധവും സഭാർപ്പണ മനോഭാവവും ഉള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാനുള്ള ഉത്തരവാദിത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും ഫോക്കസിന്‍റെ പിന്നിലുണ്ട്.
വിഞ്ജാനവും വിനോദവും പകരുന്നതോടൊപ്പം ആത്മീയവും സാമൂഹികവും കലാപരവുമായ തുണ്ടുകളും കോർത്തിണക്കിയാണ് ഫോക്കസ് തയാറാക്കിയിരിക്കുന്നത്. കനേഡിയൻ ജീവിതത്തിന്‍റെ നിയമപരവും സാംസ്‌ക്കാരികവുമായ വശങ്ങൾ യുവജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ദിനം കൂടി ആയിരിക്കും സെപ്റ്റംബർ 28.

ജീവിതവിജയത്തിനുതകുന്ന അസുലഭ സ്രോതസുകൾ കണ്ടെത്താനുള്ള നുറുങ്ങുകൾ, അതുല്യവ്യക്തികളിൽനിന്നുള്ള അമൂല്യമായ അനുഭവജ്ഞാനം , സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സമർഥരുമായുള്ള സംവാദം,സമാനവ്യക്തികളും കുടുംബങ്ങളും ആയി സൗഹൃദം സ്ഥാപിക്കാനുള്ള അവസരം ഇവയെല്ലാം പരിപാടിയുടെ ഭാഗമായിരിക്കും.

മാർ ജോസ് കല്ലുവേലിന്‍റെ അനുഗ്രഹാശീർവദങ്ങളോടെ രൂപത യൂത്ത് അപ്പസ്‌തോലറ്റ്‌ ഡിപ്പാർട്ട്മെന്‍റ് ഡയറക്റ്റർ ഫാ .സജി തോമസ് സിഎംഐ ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക. ജോയ്‌സ് ജോസഫ് ,ജെറിൻ രാജ് എന്നിവർ കൺവീനർമാരായുള്ള പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഫാ .സജി തോമസ് സിഎംഐ 1705 791 0485, ജെറിൻ രാജ് 1(647) 525 0486, ജോയ്സ് ജോസഫ് +1 (647) 772-3934, email focus19sept28@gmail.com