ക്ലാസിൽ ബഹളം ഉണ്ടാക്കിയതിന് ആറു വയസുകാരിയെ വിലങ്ങണിയിച്ചു

09:49 PM Sep 23, 2019 | Deepika.com
ഒർലാൻഡോ: ക്ലാസിൽ ബഹളം വച്ചതിനെ തുടർന്നു ഓഫീസിലേക്കു കൊണ്ടുപോയ ആറു വയസുകാരി ഒന്നാം ക്ലാസ് വിദ്യാർഥിനി, സ്റ്റാഫിനെ ആക്രമിച്ചെന്നാരോപിച്ചു വിലങ്ങ് അണിയിക്കുകയും ജുവനൈൽ സെന്‍ററിലാക്കുകയും ചെയ്തു.

ഒർലാൻഡോയിലാണ് സംഭവം.ഒർലാൻഡോ ലൂസിയസ് ആൻഡ് എമ്മ നിക്സൺ അക്കാഡമയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ അച്ചടക്കം ലംഘിച്ച കുട്ടിയെ ഓഫിസിലേക്ക് കൊണ്ടുവന്നു. പെട്ടെന്ന് പ്രകോപിതയായ കുട്ടി അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ ചവിട്ടി എന്നു പറയപ്പെടുന്നു. ഇതിനെ തുടർന്നു സ്കൂൾ റിസോഴ്സ് ഓഫീസർ എത്തുകയും കുട്ടിയെ വിലങ്ങണിയിച്ച് ജുവനൈൽ സെന്‍ററിലേക്ക് മാറ്റുകയും ചെയ്തു. മാത്രവുമല്ല കുറ്റവാളികളോടെന്ന പോലെ കുട്ടിയുടെ വിരലടയാളം രേഖപ്പെടുത്തുകയും ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.

തുടർന്നു കുട്ടിയുടെ മുത്തശിയെ വിവരം അറിയിച്ചു. ജുവനൈൽ സെന്‍ററിലെത്തിയ മുത്തശിയെ അധികൃതർ വിവരങ്ങൾ ധരിപ്പിച്ചു. സംഭവം നടന്ന ദിവസത്തിന്‍റെ തലേരാത്രി ശരിയായ ഉറക്കം ലഭിക്കാഞ്ഞതാണ് കുട്ടിയെ പ്രകോപിതയാകാൻ കാരണമെന്നും ഇത്രയും ക്രൂരമായി കുട്ടിയോടു പെരുമാറിയത് ശരിയായില്ലെന്നും മുത്തശി പറഞ്ഞു. സ്കൂളധികൃതർ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്:പി.പി. ചെറിയാൻ