എന്‍പി മൊയ്തീന്‍ മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു

07:11 PM Sep 23, 2019 | Deepika.com
ദുബായ് : കോണ്‍ഗ്രസ് നേതാവും ബേപ്പൂര്‍ മുന്‍ എംഎല്‍എയുമായ അന്തരിച്ച എന്‍പി മൊയ്തീന്റെ പേരിലുള്ള പ്രഥമ മാധ്യമ അവാര്‍ഡ് ദുബായില്‍ വിതരണം ചെയ്തു. യുഎഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോട് ഫ്രണ്ട്സ് ' ആണ് അവാര്‍ഡുദാനം സംഘടിപ്പിച്ചത്.

മാധ്യമ പുരസ്‌കാരത്തിന് ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാര്‍ അര്‍ഹനായി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരാള്‍ തുടര്‍ച്ചയായി , ഒരേ ചാനലില്‍ 11 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി 555 എപ്പിസോസുകള്‍ ചെയ്ത് , ഗള്‍ഫ് റിക്കാർഡ് കരസ്ഥമാക്കിയതിനാണ് മാധ്യമ പുരസ്‌കാരം. വടകര ലോകസഭാംഗം കെ. മുരളീധരന്‍ അവാര്‍ഡ് സമ്മാനിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് അഡ്വ. ടി. സിദിഖ് പൊന്നാട് ചാര്‍ത്തി. കെപിസിസി സെക്രട്ടറി അഡ്വ കെ. പ്രവീണ്‍കുമാറും ഇന്‍കാസ് യുഎഇയുടെ കേന്ദ്ര-സംസ്ഥാന നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

നസീര്‍ വാടാനപ്പിളളി ( സാമൂഹ്യസേവനം ), എ.കെ. അബ്ദുല്‍റഹ്മാന്‍ (ലൈഫ് ടൈം അച്ചീവ്‌മെന്‍റ്) , ഇസ്മയില്‍ ഹംസ ( ബിസിനസ് എക്‌സലന്‍സ് ), ഇട്ടിമാണി എന്ന സിനിമയില്‍ ഗാനം ആലപിച്ച പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥിനി ദേവിക സൂര്യപ്രകാശ് (കല) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പരിപാടിയുടെ ഇവന്‍റ് ഡയറക്ടര്‍ ജാക്കി റഹ്മാന്‍, മൊയ്തീന്‍ കുറുമത്ത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

കോഴിക്കോട് ഫ്രണ്ട്സിന്‍റെ ഈദ് - ഓണം ആഘോഷം കെ. മുരളീധരന്‍ എംപി ആഘോഷം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. ഇക്ബാല്‍ ചെക്യാട് സ്വാഗതവും യു.എസ് ജിജു നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഓണസദ്യയും ഇതോടൊപ്പം അരങ്ങേറി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള