ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വേദി പങ്കിടുന്ന ഹൗഡി മോദി പരിപാടിക്കുള്ള ഒരുക്കം പുരോഗമിക്കുന്നതിനിടെ ടെക്സസിലെ ഹൂസ്റ്റൺ നഗരത്തിലുണ്ടായ പേമാരിയും വെള്ളപ്പൊക്കവും ആശങ്ക പരത്തി.
ഞായറാഴ്ച ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അരലക്ഷം ഇന്ത്യൻ വംശജർ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.ഇമെൽഡാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രകൃതിക്ഷോഭം നേരിടാനായി തെക്കുകിഴക്കൻ ടെക്സസിലെ 13 കൗണ്ടികളിൽ ഗവർണർ ജോർജ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രകൃതിക്ഷോഭത്തിൽ ഹൂസ്റ്റണിൽ രണ്ടു പേർ മരിച്ചു. വാൻ വെള്ളത്തിൽ മുങ്ങിപ്പോയതിനെത്തുടർന്ന് ഒരു ഡ്രൈവറും വൈദ്യുതി ഷോക്കേറ്റ് മറ്റൊരാളുമാണു മരിച്ചത്.
വ്യാഴാഴ്ചത്തെ മഴയെത്തുടർന്നു നഗരത്തിലെ പല റോഡുകളും വെള്ളത്തിലായി. ഏതാനും വീടുകളിലും വെള്ളം കയറി. ഇതിനകം 45 ഇഞ്ച് മഴ പെയ്തു. മഴ തുടരുമെന്നാണു പ്രവചനം. ജോർജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിന്റെ പ്രവർത്തനം വ്യാഴാഴ്ച സ്തംഭിച്ചു. നിരവധി ഫ്ളൈറ്റുകൾ റദ്ദാക്കി.
ഹൂസ്റ്റൺ നഗരത്തിൽ പലേടത്തും വൈദ്യുതി ബന്ധം നിലച്ചു. വെള്ളം കയറിയതിനെത്തുടർന്ന് റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട 200 വാഹനങ്ങൾ വീണ്ടെടുത്തെന്നു പോലീസ് അറിയിച്ചു. ആറു ഷെൽട്ടറുകളിലായി 120 പേരെ പാർപ്പിച്ചിട്ടുണ്ടെന്നു ഹൂസ്റ്റൺ ആരോഗ്യവകുപ്പു വക്താവ് ജോൺ ഫ്ളെമിംഗ് പറഞ്ഞു.
ഹൗഡി മോദി
പ്രകൃതിക്ഷോഭം ആശങ്കയുളവാക്കിയെങ്കിലും ഹൗഡി മോദി സംഘാടകർ ഉത്സാഹത്തോടെ മുന്നേറുകയാണ്. ട്രംപിനു പുറമേ ഗവർണർമാരും കോൺഗ്രസ് അംഗങ്ങളും മേയർമാരും ഉൾപ്പെടെ യുഎസിലെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. മോദിയുടെ ഹൂസ്റ്റൺ സന്ദർശനം ഏറെ പ്രയോജനം ചെയ്യുമെന്ന് ഇന്തോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയാ പ്രസിഡന്റ് സപൻ ധാര്യവാൻ പറഞ്ഞു.
ഹൂസ്റ്റണിൽനിന്ന് ന്യൂഡൽഹിക്കു നേരിട്ടു വിമാന സർവീസ് വേണമെന്ന് സപൻ നിർദേശിച്ചു. സിലിക്കൺവാലിയിൽ 20 15ൽ പ്രസംഗിക്കാനെത്തിയ മോദി സാൻഫ്രാൻസികോ-ന്യൂഡൽഹി ഫ്ളൈറ്റ് ആരംഭിക്കുമെന്നു പ്രഖ്യാപിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. യുഎസ്-ഇന്ത്യാ ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ട്രംപിന്റെ സാന്നിധ്യമെന്ന് മറ്റൊരു സംഘാടകനായ ജഗദീപ് അഹ്ലു വാലിയ പറഞ്ഞു. ഹൂസ്റ്റണിലെത്തുന്ന മോദി ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കാഷ്മീരി പണ്ഡിറ്റുമാരെയും അദ്ദേഹം സന്ദർശിക്കും.
ഹൂസ്റ്റണിൽ പേമാരിയും പ്രളയവും; ഹൗഡി മോദി സംഘാടകർക്ക് ആശങ്ക
12:30 AM Sep 21, 2019 | Deepika.com