ഐഎപിസി പ്രഥമ സാഹിത്യപ്രതിഭ പുരസ്‌കാരം ജോര്‍ജ് മണ്ണിക്കരോട്ടിന്

12:10 PM Sep 20, 2019 | Deepika.com
ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ സാഹിത്യപ്രതിഭ പുരസ്‌ക്കാരം ജോര്‍ജ് മണ്ണിക്കരോട്ടിന്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സാഹിത്യകാരനായ ജോര്‍ജ് മണ്ണിക്കരോട്ട് ഇതുവരെ ഒന്‍പത് കൃതികള്‍ രചിച്ചിട്ടുണ്ട്. 2007 ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം ' എന്ന കൃതി എടുത്തുപറയേണ്ടിയിരിക്കുന്നു. 2008ല്‍ ഈ കൃതി സാഹിത്യ അക്കാഡമി അവാര്‍ഡിന് ചുരുക്കപ്പട്ടികയില്‍ വന്നിരുന്നു. ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുനിന്ന് മലയാളത്തിന് ഒരു സാഹിത്യ ചരിത്രമുണ്ടാകുന്നത്.

അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍:നോലുകള്‍ ജീവിതത്തിന്റെകണ്ണീര്‍ (അമേരിക്കയിലെ ആദ്യ മലയാള നോവല്‍ 1982), അഗ്‌നിയുദ്ധം (1985), അമേരിക്ക (1994). ചെറുകഥാസമാഹാരങ്ങള്‍ മൗനനൊമ്പരങ്ങള്‍ (1991), അകലുന്ന ബന്ധങ്ങള്‍ (1993). ലേഖന സമാഹാരങ്ങള്‍ ബോധധാര (1999), ഉറങ്ങുന്ന കേരളം (2013), മാറ്റമില്ലാത്ത മലയാളികള്‍ (2015).

ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2020ം, അമേരിക്ക (നോവല്‍. അഞ്ചാം പതിപ്പ്) അച്ചടിയിലാണ്. പിന്നെ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങളുണ്ട്: അതൊക്കെ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.

സാഹിത്യം കൂടാതെ സാമൂഹ്യസാംസ്‌ക്കാരികമതമാധ്യമ രംഗങ്ങളിലും നേതൃനിരയില്‍ സജീവമാണ് അദ്ദേഹം. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്, ഫൊക്കാനയില്‍ എക്‌സ്‌ക്കെറ്റിവ് വൈസ് ചെയര്‍മാന്‍, ഫൊക്കാന സാഹിത്യ സമ്മേളനം ചെയര്‍മാന്‍ ഒന്നിലധികം പ്രാവശ്യം. അങ്ങനെ പല തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഹ്യുസ്റ്റനില്‍ മിസ് കേരളാ പാജന്റ് മുതലായ മേജര്‍ പരിപാടികള്‍ സംഘടിപ്പിച്ചു.

'കേരള നാദം' എന്ന പേരില്‍ ഒരു വാര്‍ത്താസാഹിത്യ മാസിക അഞ്ചു വര്‍ഷത്തിലേറെ പ്രസിദ്ധീകരിച്ചു. സുപ്രധാനമായ പല സ്മരിണകളുടെയും ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ ഡബിള്‍ട്രീ ഹോട്ടലില്‍ നടക്കുന്ന ഐഎപിസിയുടെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ അവാര്‍ഡ് വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: ഡോ. മാത്യു ജോയിസ്