റിയാദ്: തലസ്ഥാന നഗരിയിലെ കലാ സാംസ്കാരിക സംഘടനയായ ഫ്രണ്ട് ഓഫ് കാലിക്കറ്റിന്റെ വാർഷികത്തോടനുബന്ധിച്ചു പ്രശസ്ത റിയാലിറ്റി ഷോ ഗായിക യുംന അജിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകുന്നേരം എക്സിറ്റ് പതിനെട്ടിനടുത്തുള്ള നോഫാ ഇസ്തിറാഹയിൽ ഇശൽ നിലാവ് സീസണ് 2 എന്ന പേരിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു.
എഫ്ഒസിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യം കൂടെ മുന്നിൽ കണ്ടു കൊണ്ടാണ് സീ മ്യൂസിക് ചാനലിന്റെ ടാലെന്റ്റ് ഷോയിലൂടെ പ്രേക്ഷകഹൃദയം കവർന്ന യുംനയുടെ സംഗീത നിശ റിയാദിൽ നടത്താൻ സംഘടന തീരുമാനിച്ചതെന്ന് റിയാദിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
വൈകുന്നേരം 7 മുതൽ നോഫയിൽ നടക്കുന്ന പരിപാടി ഇന്ത്യൻ എംബസി കോണ്‍സുലർ ദേശ് ബന്ധു ബാട്ടി ഉദ്ഘാടനം ചെയ്യും. റിയാദിലെ പ്രമുഖ സാംസ്കാരിക നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. ഇതേ ചടങ്ങിൽ വെച്ച് ജീവകാരുണ്യ സാംസ്കാരിക രംഗത്തെ പ്രമുഖരേയും വ്യവസായ രംഗത്തെ പ്രമുഖരേയും സംഘടനാ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഒമർ ശരീഫ്, ചെയർമാൻ മിർഷാദ് ബക്കർ, ജനറൽ സെക്രട്ടറി കബീർ നല്ലളം, ഇബ്രാഹിം കായലം, ഷൗക്കത്ത് പന്നിയങ്കര, സിദ്ദീഖ് പന്നിയങ്കര, പരിപാടിയുടെ സ്പോണ്സർ ത·ിയ ഫുഡ്സ് പ്രതിനിധി മുസ്തഫ കവ്വായി, ഉമ്മർ മീഞ്ചന്ത, സൈതു മീഞ്ചന്ത, അൽത്താഫ് കോഴിക്കോട് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
യുംന അജിന്റെ മ്യൂസിക്കൽ നൈറ്റ് വെള്ളിയാഴച് റിയാദിൽ
11:27 PM Sep 19, 2019 | Deepika.com