പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഗീതാ മണ്ഡലം ഓണാഘോഷം

03:09 PM Sep 18, 2019 | Deepika.com
ഷിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ തറവാടു മുറ്റത്ത് 41മത് ഓണാഘോഷം ആഘോഷിച്ചു. രാവിലെ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ മഹാഗണപതി പൂജയോടെ ആരംഭിച്ച തിരുവോണോത്സവം, ആര്‍പ്പുവിളികളോടെ തൃക്കാക്കര അപ്പനെ വരവേറ്റു വിശേഷാല്‍ പൂജകള്‍ ചെയ്ത ഓണാഘോഷത്തിനു തുടക്കമിട്ടു. തുടര്‍ന്ന് സ്പിരിച്വല്‍ ചെയര്‍ ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ നാരായണീയ സത്‌സംഗവും നടത്തി. പിന്നീട്‌ക്ഷേത്ര മുറ്റത്ത് നടന്ന കൈകൊട്ടിക്കളിയും, ഓണ പാട്ടുകളും, പ്രായഭേദമന്യേ മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും, ഓണക്കളികളും, ഊഞ്ഞാല്‍ ആടിയും വര്‍ഷത്തെ ഗീതാമണ്ഡലം ഓണാഘോഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഷിക്കാഗോ മലയാളി സമൂഹത്തിന്റെ ഗതകാല സ്മരണകളിലേക്കുള്ള ഒരു തീര്‍ത്ഥയാത്ര തന്നെയായിരുന്നു. മറ്റൊരു പ്രതേകത പൂക്കളം ആയിരുന്നു. കലാ പരിപാടികള്‍ തയ്യാറാക്കിയത് ദേവി ശങ്കര്‍, ഡോ. നിഷാ ചന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് .

അമേരിക്കയില്‍ ഒരുക്കിയിട്ടുള്ള ഓണ പൂക്കളങ്ങളില്‍ വെച്ച് ഏറ്റവും വലതും, അതിമനോഹരമായ പൂക്കളം ആണ് ഈ വര്‍ഷം ഗീതാമണ്ഡലം അങ്കണത്തില്‍ ഒരുക്കിയിരുന്നത്. ഈ വര്‍ഷത്തെ ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷ ഉത്സവത്തില്‍ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയും, ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചറും മുഖ്യാതിഥികള്‍ ആയിരുന്നു. ഇതോടൊപ്പം ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ എണ്‍പത്തിനാലാം ജയന്തി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. തുടര്‍ന്ന് നടന്ന മഹാസമ്മേളനത്തില്‍ ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി ജഗദ്ഗുരു നല്‍കിയ സംഭവനകളെ പറ്റിയും, ലൗകിക ജീവിതത്തില്‍,ആത്മീയതക്കുള്ള പ്രാധാന്യത്തെ പറ്റിയും ശ്രീ ശക്തി ശാന്താനന്ദ മഹര്ഷിയും, തിരുവോണത്തിന്റെ ശരിയായ ലക്ഷ്യം സമഭാവനയാണ് എന്നും, നമ്മുടെ എല്ലാം ഉള്ളില്‍ എല്ലാ ദിനവും ഓണാഘോഷം ഉണ്ടാവണം എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറും അഭിപ്രായപ്പെട്ടു.


ഓണപ്പൂക്കളത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബൈജു എസ് മേനോന്‍, രശ്മി ബൈജു മേനോന്‍, ശ്രുതി വടവതി, ലിസി പ്രഭാകരന്‍ എന്നിവരാണ്.

രെജിസ്‌ട്രേഷന് മേല്‍നോട്ടം രമാ നായരും അനിത പിള്ളയും വഹിച്ചു. ഗീതാ മണ്ഡലത്തിന്റെ നാല്പത്തിയൊന്നാം ഓണാഘോഷത്തിന് നാല്‍പത്തിയൊന്ന് വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കു നേതൃത്വം നല്‍കിയത് ഇന്ദു ബിജു, ഉഷാ ഓമനക്കുട്ടന്‍, മണി ചന്ദ്രന്‍ എന്നിവരാണ്. തിരുവാതിരക്കാര്‍ക്കു വേണ്ട സെറ്റ് മുണ്ടും ബ്ലൗസ്‌കളും ഡിസൈന്‍ ചെയതതും ഇന്ത്യന്‍ നെയ്ത്തുശാലയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയതും രശ്മി ബൈജു മേനോന്‍ ആണ്. പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഗീത മണ്ഡലം മെമ്പേഴ്‌സിനുള്ള കഴിവ് ഒന്ന് വേറെ തന്നെ ആണ് .

ഈ വര്‍ഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാന്‍ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും, ഗീതാമണ്ഡലം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഏഷ്യാനെറ്റിനും, ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ജയപ്രകാശിനും ഈ അവസരത്തില്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം