കുവൈത്ത്: കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇടവകയുടെ ഓണാഘോഷം സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ’പൊന്നോണം - 2019’ കൊണ്ടാടി. അബാസിയ സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ ഇടവക വികാരി റവ. ഫാ. ജോണ്‍ ജേക്കബിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ കൽക്കട്ടാ ഭദ്രാസന സെന്റ് തോമസ് മിഷൻ ട്രഷറർ
റവ. ഫാ. അജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
ഓണാഘോഷം സമത്വത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും സമൂഹത്തിൻറെ മതിൽക്കെട്ടുകൾ പൊളിച്ച് വേർതിരിവുകൾ ഇല്ലാതാകുന്പോഴാണ് ഓണാഘോഷം പൂർണമാകുകയാണെന്നും അധ്യക്ഷൻ ഉദ്ബോധിപ്പിച്ചു.
ഒഐസിസി അധ്യക്ഷൻ വർഗാസ് പുതുകുളങ്ങര, ഇടവക സെക്രട്ടറി ജോർജ് പാപ്പച്ചൻ, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ കോ ഓർഡിനേറ്റർ സോജി വർഗീസ്, വൈസ് പ്രസിഡന്റ് വർഗ്ഗീസ് ജോസഫ്, സെക്രട്ടറി അലക്സ് പോളച്ചിറക്കൽ, ട്രഷറർ ബിജോ ഡാനിയേൽ, പൊന്നോണം ജനറൽ കണ്‍വീനർ സ്റ്റീഫൻ തോമസ് എന്നിവർ സംസാരിച്ചു.
മാവേലി തന്പുരാന്റെ എഴുന്നെള്ളത്തും, പ്രസ്ഥാനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവോണക്കളി, വള്ളംകളി, വിവിധ നൃത്തങ്ങൾ എന്നിവ അരങ്ങേറി. ഇടവക കൊയറിന്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു.
പരിപാടിയിൽ നിന്നും സമാഹരിച്ച തുക വടക്കൻ കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇടവക ’പൊന്നോണം - 2019’ ആഘോഷിച്ചു
10:20 PM Sep 17, 2019 | Deepika.com