കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി ’’ധാർമ്മികതയെ കാത്തുവെക്കുക’’ പ്രമേയത്തിൽ ദ്വൈമാസ കാന്പയിൻ നടത്തുന്നു. സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് കാന്പയിൻ ഉദ്ഘാടനം നടത്തപ്പെടുന്നത്. മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എംഎസ്എം) സംസ്ഥാന വൈസ് പ്രസിഡൻറും രാമപുരം ജെംസ് കോളേജ് അധ്യാപകനും യുവ പ്രാസംഗികനുമായ റിഹാസ് പുലാമന്തോൾ സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും.
കാന്പയിന്റെ ഭാഗമായി ടീൻസ്മീറ്റ്, ഫാമിലി എംപർമെൻറ് പ്രോഗ്രാം, ഗൃഹസന്ദർശനം, അയൽകൂട്ടം, ബാച്ച്ലേഴ്സ് ഡേ, ലഘുലേഖ വിതരണം എന്നിവയും മദ്രസ വിദ്യാർഥികൾക്കായി ചിത്രരചന, കയ്യെഴുത്ത് മാഗസിൻ, പെയന്റിംഗ് തുടങ്ങി മത്സരങ്ങളും സംഘടിപ്പിക്കും.
പരിപാടിയോടനുബന്ധിച്ച് മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള ഇസ്ലാമിക വാരികയായ ശബാബിന്റെ ഓണ്‍ലൈൻ ഉദ്ഘാടനം സോഷ്യൽ ആക്റ്റിവിസ്റ്റായ മുബാറക് കാന്പറത്ത് നിർവഹിക്കും. സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘ യോഗം പറഞ്ഞു. യോഗത്തിൽ കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, കണ്‍വീനർ മനാഫ് മാത്തോട്ടം, എൻജി. ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ദ്വൈമാസ കാന്പയിൻ വെള്ളിയാഴ്ച സാൽമിയയിൽ; റിഹാസ് പുലാമന്തോൾ മുഖ്യാതിഥി
10:18 PM Sep 17, 2019 | Deepika.com