വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടണ്‍ ഡി.സി 165-മത് ശ്രീനാരായണ ഗുരുജയന്തിയും, ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
വാഷിംഗ്ടണ്‍ ഡിസിക്ക് സമീപമുള്ള ലാനം മുരുകൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആഘോഷ പരിപാടികളിൽ കൊച്ചി സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദയതി മുഖ്യാതിഥിയായിരുന്നു. ഉച്ചയ്ക്ക് 11.30ന് ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം രണ്ടു മണിയോടെ താലപ്പൊലിയുടേയും വാദ്യഘോഷങ്ങളുടേയും മാവേലി മന്നന്േറയും അകന്പടിയോടെ നടന്ന വർണാഭമായ ഘോഷയാത്രയിൽ പ്രതീകാത്മകമായി ഗുരുദേവ ചിത്രം എഴുന്നള്ളിച്ച് ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവന്നു. തുടർന്നു നടന്ന കലാ-സാംസ്കാരിക സമ്മേളനത്തിൽ സ്വാമി മുക്താനന്ദയതി മുഖ്യ പ്രഭാഷണം നടത്തി.
ശ്രീനാരായണ മിഷൻ സെന്റർ പ്രസിഡന്റ് ബിന്ദു സന്ദീപ് സ്വാഗതവും, വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു. പ്രായഭേദമെന്യേ ശ്രീനാരായണ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സമ്മേളനത്തിന് കൂടുതൽ നിറംപകർന്നു. യുവജന വിഭാഗം നേതൃത്വം നൽകി ആലപിച്ച ദൈവദശകം, ഗുരുസ്തവം, മറ്റു ഗുരുദേവകൃതികളുടെ ആലാപനം, കേരളത്തനിമയാർന്ന തിരുവാതിര തുടങ്ങിയ പരിപാടികൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ശ്രീനാരായണ കുടുംബങ്ങളിൽ നിന്നുള്ള ഈവർഷത്തെ ഹൈസ്കൂൾ, കോളജ് ബിരുദധാരികൾക്ക് പ്രശംസാ ഫലകങ്ങൾ സമ്മേളനത്തിൽ വച്ചു സംപൂജ്യ സ്വാമി മുക്താനന്ദയതി വിതരണം ചെയ്തു. ഫിലഡൽഫിയ എസ്.എൻ.എ പ്രസിഡന്റ് പ്രസാദ് കൃഷ്ണൻ, എഫ്.എസ്.എൻ.ഒ.എൻ.എ പ്രസിഡന്റ് പീതാംബരൻ തൈവളപ്പിൽ, എഫ്.എസ്.എൻ.ഒ.എൻ.എ ട്രസ്റ്റി ബോർഡ് ചെയർമാൻ കല്ലുവിള വാസുദേവൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം
ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടണ്‍ ഡിസി ഗുരുജയന്തിയും ഓണവും ആഘോഷിച്ചു
10:34 PM Sep 16, 2019 | Deepika.com